നെടുമ്പാശേരി: കേരള സംസ്ഥാന കാരുണ്യലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പലചരക്ക് കച്ചവടം നടത്തുന്ന പൊയ്ക്കാട്ടുശേരി കൊച്ചേത്ത് കെ.കെ. ഉണ്ണിക്ക്. പിയു 542625 എന്ന നമ്പറിലാണ് സമ്മാനം.
നാട്ടുകാരനായ ഏജന്റ് കാരക്കാട്ടുകുന്ന് മൂന്നാടൻ പീതാംബരന്റെ കൈയിൽനിന്നാണ് ഉണ്ണി ടിക്കറ്റെടുത്തത്.
വിറ്റ് തീരാതെ ബാക്കി വന്ന ടിക്കറ്റിലൊരെണ്ണം സ്ഥിരം ലോട്ടറി എടുക്കുന്ന ഉണ്ണിക്ക് പീതാംബരൻ കൊടുക്കുകയായിരുന്നു.
വാർക്കപ്പണിക്കാരനായിരുന്ന ഉണ്ണി ശ്വാസംമുട്ടൽ മൂലം ജോലിക്കു പോകാൻ പറ്റാതെ വന്നതിനെത്തുടർന്നാണ് ഒരു കടമുറി വാടകയ്ക്കെടുത്ത് കച്ചവടം ചെയ്തുവരുന്നത്.
കടയിൽ സഹായത്തിനായി ഭാര്യ ഗീതയുമുണ്ട്. പലരിൽനിന്നു കടം വാങ്ങിയാണ് കച്ചവടം. ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ വീടിന്റെ പണി പൂർത്തിയായിട്ടില്ല.
കോവിഡിനെ തുടർന്നു വിദേശത്തുനിന്നു മടങ്ങിവന്ന മകൻ ശരത്ത് തൊഴിൽരഹിതനായി വീട്ടിൽ കഴിയുന്നു.
മൂത്തമകൾ വിവാഹിതയാണ്. ഒരുപാട് കടബാധ്യതയുമായി കഴിയുന്നതിനിടെയാണ് ഉണ്ണിക്കു ഭാഗ്യദേവതയുടെ കടാക്ഷം.