ഇ. അനീഷ്
അങ്ങിനെ സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചു… പക്ഷെ അതുകൊണ്ട് രക്ഷപ്പെടുമോ ആനവണ്ടി. എത് കാലത്തും കേള്‍ക്കുന്ന പ്രശ്നമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങല്‍. അതിന് ഈ വിഷുക്കാലത്തും തടസമുണ്ടായില്ല.
കെഎസ്ആര്‍ടിസി രക്ഷപ്പെടുത്താന്‍ എത്രയെത്ര പദ്ധതികളാണ് നടപ്പിലാക്കുകയും നടപ്പിലാക്കികൊണ്ടിരിക്കുകയും ചെയ്യുന്നത്. പലരതീതിയിലും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ നോക്കി കുഴിയില്‍ ചാടി നിന്നതല്ലാതെ മറ്റൊന്നും നടന്നില്ല.
കെഎസ്ആര്‍ടിസി ടൂറിസം പാക്കേജ്,വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസില്‍ താമസ സൗകര്യം, വിനോദയാത്രകള്‍, ഗ്രാമവണ്ടി…
എല്ലാമേഖലകളിലും കൈവച്ച ആനവണ്ടി അധികൃതര്‍ക്ക് പക്ഷെ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് വീണ്ടും സാധാരണക്കാരുടെ മേലേക്ക് ചാര്‍ജ് വര്‍ധനയുടെ പേരിലുള്ള പാഞ്ഞുകയറല്.
പ്രതിസന്ധി പരിഹരിക്കാൻ ബസ് ചാർജ് വർധിപ്പിക്കാനാണ് സ്വകാര്യ ബസുടമകൾക്കൊപ്പം കെഎസ്ആർടിയും വാദിച്ചത്.
സ്ഥിര വരുമാനമില്ലാത്ത, വനിതകളോ വിദ്യാർഥികളോ പ്രായമായവരോ ഒക്കെയാണ് ഇപ്പോൾ ബസ് യാത്രക്കാർ. ബസ് ചാർജ് വർധിപ്പിക്കുന്നത് അത്തരം ആളുകളെ കൂടുതൽ പൊതുവാഹനങ്ങളിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂ.
ബസിന് പോയിവരുന്ന സമയ- പണ ചെലവുകൾ തട്ടിക്കിഴിച്ച് നോക്കിയാൽ സ്വന്തം ഇരുചക്ര വാഹനത്തിൽ പോകുന്നതാണ് ലാഭമെങ്കിൽ പിന്നെ ആര് ബസിൽ യാത്രചെയ്യാനെത്തും?
കോവിഡാനന്തരം വലിയ വിഭാഗം ആളുകള്‍ പൊതുഗതാഗതത്തെ ഒഴിവാക്കി കഴിഞ്ഞു. ഇന്ധന വിലവര്‍ധനവ് മാത്രമാണ് അല്പമെങ്കിലും അവരെ ഇതില്‍ നിന്നും അല്പമെങ്കിലും പിന്തിരിപ്പിച്ച് നിര്‍ത്തുന്നത്.
സ്വകാര്യബസുകളെയും ഒപ്പം കൂട്ടിയുള്ള പദ്ധതി… വെള്ളത്തിലായി
സ്വകാര്യ ബസുകളെക്കൂടി കെഎസ്ആർടി.സിയുടെ ഭാഗമാക്കിമാറ്റി പൊതുഗതാഗതം ഏകീകരിക്കുന്ന പദ്ധതി മുന്‍പ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലായില്ല. 2018-ൽ സ്വകാര്യ ബസുടമകളുമായി ചർച്ചചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും അത് ഇതുവരെ നടപ്പിലായില്ല.
യൂണിയനുകളുടെ എതിർപ്പായിരുന്നു കാരണം. യുപി, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സർക്കാർ നിയന്ത്രണത്തിലുള്ള ട്രാൻസ്പോർട്ട് കോർപറേഷനാണ് മുഴുവൻ ബസ് സർവീസിന്റെയും ചുമതല. അതേപോലെ ഇവിടെയും കൊണ്ടുവരാനായിരുന്നു പദ്ധതി.
ഡിസൽ ചെലവും നികുതിയും കെഎസ്ആർടിസി വഹിക്കുന്ന പദ്ധതിയോട് ഇപ്പോഴും സ്വകാര്യ ബസുടമകളിൽ നല്ലൊരു ശതമാനത്തിനും തുറന്ന സമീപനം തന്നെയാണ്.
അപ്നാ അപ്നാപദ്ധതി ഇങ്ങനെ…
ഡീസൽ ചെലവും റോഡ് നികുതിയും കെഎസ്ആർടിസി വഹിക്കും. ബസിന്റെ ഡ്രൈവറെ സ്വകാര്യ ബസുടമയ്ക്ക് നിയമിക്കാം. ഇയാളുടെ ശമ്പളം ബസുടമ നൽകണം.
കണ്ടക്ടറെ കെഎസ്ആർടിസി നിയോഗിക്കും. നോൺ എസി ബസാണെങ്കിൽ കിലോമീറ്ററിന് 12 രൂപയും എസി ബസിന് 19 രൂപയുമാണ് വാടകയായി നൽകാമെന്ന് അന്ന് പറഞ്ഞിരുന്നത്. ഇങ്ങനെ ലഭിക്കുന്ന വാടകയിൽ നിന്ന് ഡ്രൈവറുടെ ശമ്പളം സ്വകാര്യ ബസുടമ നൽകണം.
ബാക്കി കിട്ടുന്നത് ബസിന്റെ അറ്റകുറ്റപ്പണിക്കും ശേഷമുള്ളത് വരുമാനവും. ഇതായിരുന്നു അന്ന് മുന്നോട്ടു വെച്ച നിർദ്ദേശം.പദ്ധതി നടപ്പിലായിരുന്നെങ്കിൽ സ്വകാര്യ ബസുടമകൾക്കും കെഎസ്ആർടിസിക്കും ഒരേപോലെ നേട്ടമുണ്ടാകുമായിരുന്നു. എന്നാല്‍ എല്ലാം വ്യഥാവിലായി.
ദിവസ വരുമാനത്തേക്കാൾ കൂടിയ തുക വാടകയിനത്തിൽ നൽകി സ്വകാര്യബസുകളെ കെഎസ്ആർടിസിയുടെ ഭാഗമാക്കുന്ന പദ്ധതി നടപ്പിലായാൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരവും ചാർജ് വർധനയും പിടിച്ചുനിർത്താനാകുമായിരുന്നു.
പുതിയ പദ്ധതികള്‍, ആരംഭ ശൂരത്വം
കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഏതു പദ്ധതിയും സമൂഹത്തില്‍ ഏറെ ചര്ച്ചചെയ്യപ്പെടുന്നവയാണ്.എന്നാല്‍ ഇതില്‍ മിക്കതും പരാജയപ്പെടാറാണ് പതിവ്. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് ഇതില്‍ മിക്കതും.
കെ-സ്വിഫ്റ്റ് കാര്യത്തില്‍ സംഭവിച്ചതും അതുതെന്നയാണ്. തുടക്കത്തില്‍ വിജയമാണെന്നും വരുമാനം ലഭിക്കുന്നുവെന്നും പറയപ്പെടുന്ന പദ്ധതികള്‍ മിക്കതും ഇപ്പോള്‍ ആരംഭ ശൂരത്വത്തില്‍ അവസാനിക്കുന്നു.
ഉദ്യോഗസ്ഥതലത്തിലുള്ള ആത്മാര്‍ഥത ഇക്കാര്യത്തിലില്ലെന്നാണ് വിമര്‍ശനം. സ്വകാര്യ ബസുകള്‍ക്കൊപ്പം ചാര്‍ജ് ചാര്‍ജ് വര്‍ധന കെഎസ്ആര്‍ടിസിക്കും നല്കുമ്പോള് സാധാരണക്കാര്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.
സര്‍ക്കാര്‍ സംവിധാനത്തിലുള്ള പൊതു ഗതാഗതം അടിമുടി പരാജയപ്പെടുന്ന കാഴ്ചയാണ് സമീപകാലത്തായി കാണാനാകുന്നത്.
സര്‍ക്കാര്‍ നടത്തുന്ന തല തിരഞ്ഞ നയം കൊണ്ടുണ്ടാകുന്ന നഷ്ടം മാത്രം മതി ജീവനക്കാരില്‍ വലിയൊരു വിഭാഗത്തിന്റെയും ശമ്പളം ഒരുമാസമെങ്കിലുംകൊടുത്തു തീര്‍ക്കാന്‍.
ഒരുമാസത്തിനകം കെഎസ്ആര്‍ടിസിയില്‍ നിന്ന് ഏകദേശം 500 ജീവനക്കാര്‍ വിരമിക്കുന്നു. ഇത്രയുംപേര്‍ വിരമിക്കുന്നതോടെ ബസ് സര്‍വീസുകള്‍ കുറയ്ക്കേണ്ടിവരും. ഇത് വലിയ നഷ്ടമായിരിക്കും കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുക
ആര്‍ക്കും വേണ്ടാത്ത ടെര്‍മിനല്‍,150 കോടി ബാധ്യത
കോഴിക്കോട് മാവൂര്‍റോഡില്‍ നിര്‍മിച്ച കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ കാരൃമാണ് ഏറെ കഷ്ടം. നൂറുകണക്കിന് മുറികള്‍ ഇവിടെ വാടകയ്ക്ക് കൊടുക്കാന്‍ കഴിയാതെ കിടക്കുന്നു.
വലിയ വരുമാന നഷ്ടമാണ് ഇതുവഴി കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ബലക്ഷയ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ബസ് സ്റ്റാന്‍ഡിലെ കിയോസ്ക്കുകള്‍ പൊലീസ് സംരക്ഷണത്തില്‍ ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചെങ്കിലും ബസ് സര്‍വീസുകള്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുത്തില്ല.
മാവൂര്‍ റോഡിലെ വ്യാപാരസമുച്ചയത്തോടനുബന്ധിച്ചുള്ള ടെര്‍മിനലില്‍ 40 ബസ് ബേകളാണുള്ളത്. 31 എസി ലോ ഫ്ലോര്‍ ബസുകള്‍ക്കും പാര്‍ക്കിംഗുണ്ട്.
ശേഷിക്കുന്ന ബസുകള്‍ നിലവില്‍ പാവങ്ങാട് വര്‍ക്ഷോപ്പില്‍ നിന്നാണ് സര്‍വീസിനായി എത്തുന്നത്. ഈ ഇനത്തില്‍ കോടികളുടെ അധിക ഇന്ധനച്ചെലവുണ്ട്.
ഇനി ടെര്‍മിനലിനെ ആശ്രയിക്കുന്ന ലോഫ്ളോര്‍ ബസുകള്‍ ഉള്‍പ്പെടെ പാവങ്ങാട്ടേക്ക് മാറ്റേണ്ടി വന്നാല്‍ ഉണ്ടാവുന്ന അധികച്ചെലവ്, ടെര്‍മിനല്‍ നിര്‍മാണച്ചുമതല വഹിച്ച കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) വഹിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.
ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല74.63 കോടി രൂപ മുടക്കി 2015 ല്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ഇപ്പോഴത്തെ ബാധ്യത 150 കോടി കവിഞ്ഞു. 7 വര്‍ഷമായിട്ടും വാടകയിനത്തില്‍ വലിയ വരുമാനമൊന്നും കെടിഡിഎഫ്സിക്ക് ലഭിച്ചിട്ടില്ല. കിയോസ്ക്കുകളില്‍ നിന്ന് ശേഖരിച്ച നിക്ഷേപം മാത്രമാണ് വരുമാനമായി വന്നത്.