ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന റെജിന എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ നടി സുനൈന മലയാളത്തിലേക്ക്.
കുമാർ വെഴ്സസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സുനൈന കാതലിൽ വിഴുന്തേൻ എന്ന സിനിമയിൽ നകുലിന്റെ നായികയായാണ് തമിഴിൽ എത്തുന്നത്.
വിശാൽ ചിത്രം സമർ ആണ് സുനൈനയുടെ ശ്രദ്ധേയ സിനിമ. റിലീസിനു ഒരുങ്ങുന്ന വിശാൽ ചിത്രം ലാത്തിയിലും സുനൈനയാണ് നായിക.
പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ ചിത്രങ്ങൾക്കുശേഷം ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജിന.
യെല്ലോ ബിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വ്യവസായി സതീഷ് നായർ സംഗീത സംവിധായകനായും നിർമാതാവും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ ഒരുക്കുന്നു.
നടി രമ്യ നമ്പീശൻ പാടിയ ഗാനം കഴിഞ്ഞ ദിവസം റിക്കാർഡ് ചെയ്തു. വന്ദന ശ്രീനിവാസൻ, കല്പന, ചിൻമയി എന്നിവർ ഇതര ഭാഷകൾക്കുവേണ്ടി ഗാനം ആലപിച്ചു. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട റെജിനയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. ഒരു നിയോഗം കണക്കെയാണ് സതീഷ് നായർ റെജിനയുടെ നിർമാതാവും സംഗീത സവിധായകനുമാവുന്നത്. അതിനെ കുറിച്ച് സതീഷ് നായർ പറയുന്നതിങ്ങനെ…
ഞാനൊരു വ്യവസായിയാണ് . സിനിമ എന്റെ പുതിയ സംരംഭവും. ഒന്നര വർഷം മുൻപ് എസ് എൻ മൂസിക്കൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി.
ഞാൻ തന്നെ സംഗീതം നൽകിയ ഗാന ആൽബങ്ങൾ അതിൽ അപ് ലോഡ് ചെയ്തു. വലിയ സ്വീകരണമാണ് ആ ആൽബങ്ങൾക്ക് ലഭിച്ചത്. ആ സമയത്താണ് എന്റെ സുഹൃത്ത് പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ സിനിമകളുടെ സംവിധായകൻ ഡോമിൻ.
ഡി.സിൽവ റെജിനയുടെ കഥ എന്നോട് പറഞ്ഞത്. ആ കഥ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്തു കൊണ്ട് എനിക്കു തന്നെ ഈ സിനിമ നിർമിച്ചു കൂടാ?
മാത്രമല്ലാ സംഗീതത്തിലുള്ള എന്റെ കഴിവ് വെളിപ്പെടുത്താനുള്ള ഒരു അവസരവും കിട്ടുമല്ലോ എന്ന് തോന്നി . അങ്ങനെ നല്ലൊരു സന്ദർഭം ഒത്തു വന്നപ്പോൾ നിർമാതാവും സംഗീത സംവിധായകനുമാവാൻ തീരുമാനിച്ചു.
-സി.കെ. അജയ് കുമാർ