കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് അതിജീവിതയുമായി ബന്ധമുള്ള മറ്റു ചില നടിമാരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തുമെന്നു സൂചന.
വരും ദിവസങ്ങളില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. അതേസമയം ഇന്നലെ നടി മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം ശേഖരിച്ച ശബ്ദരേഖകളുടെ വ്യക്തതയ്ക്കായി മുമ്പും മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസിലെ ഏഴാം പ്രതി സായ് ശങ്കര്‍ കഴിഞ്ഞ ദിവസം ദിലീപിന്റെ ചില ചാറ്റുകളും മറ്റും അന്വേഷണ സംഘത്തിനു വീണ്ടെടുത്തു നല്‍കിയിരുന്നു.
ഇവയുടെ വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് മഞ്ജുവില്‍നിന്നു വീണ്ടും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
കേസിലെ ഒന്നം പ്രതി ദിലീപ് അടക്കമുള്ളവരുടെ ശബ്ദരേഖകളില് വീണ്ടും വ്യക്തത തേടിയതായാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിനെ അഭിഭാഷകന് മൊഴിനല്‍കേണ്ട രീതി പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയും ഉണ്ടായിരുന്നു.
മഞ്ജു വാര്യര്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്ന് മൊഴി നല്‍കണമെന്നായിരുന്നു അഭിഭാഷകന് ആവശ്യപ്പെടുന്നത്.
ഇതിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു മൊഴിയെടുക്കലെന്നാണ് വിവരം. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്.
കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും
കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കും.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നിടത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാകും വിധം നോട്ടീസ് നല്‍കാനാണ് ആലോചന.
നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. ആദ്യം സ്ഥലത്തില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിനു നല്കിയ മറുപടി.
രണ്ടാം തവണ നോട്ടീസ് നല്കിയപ്പോള് ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍വച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഇതിന് ക്രൈംബ്രാഞ്ച് തയാറാകാതെവന്നതോടെ ചോദ്യം ചെയ്യല്‍ മുടങ്ങുകയായിരുന്നു.
കാവ്യയെ വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതകള്‍ കഴിഞ്ഞ ദിവസത്തെ ഉന്നതതല യോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. ഇതിനുള്ള നിയമസാധുത അന്വേഷണസംഘം പരിശോധിച്ചതായാണ് വിവരം.