സ്വന്തം ലേഖകൻ
തലശേരി: സിപിഎം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ.ഹരിദാസനെ (52) സ്വന്തം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുതിയ കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് പുന്നോൽ ചെള്ളത്ത് മഠപ്പുരക്കടുത്ത പാറക്കണ്ടി നിജിൽദാസ്,
നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച സ്വകാര്യ സ്കൂൾ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം.രേഷ്മ എന്നിവർ കൂടി അറസ്റ്റിലായതോടെ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നു.
പിണറായി പാണ്ഡ്യാലമുക്കിൽ മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെയുള്ള വാടക വീട്ടിൽ നിന്നാണ് നിജിൽ ദാസ് പോലീസ് വലയിലായത്.
അതീവ രഹസ്യമായി നിജിൽ ദാസിന് ഒളിയിടം ഒരുക്കിയ അധ്യാപിക കൂടി അറസ്റ്റിലായത് കേസിന് പുതിയ മാനം വന്നിരിക്കുകയാണ്. നിജിലിന്റെ സുഹൃത്താണ് അധ്യാപിക.
കൊലപാതക രാഷ്ട്രീയത്തിലെ ആദ്യ വനിതാ അറസ്റ്റ്
കണ്ണൂർ ജില്ലയിലെ കൊലപാതക രാഷട്രീയത്തിൽ ആദ്യമായാണ് ഒരു വനിത ഇത്തരത്തിൽ പ്രതി സ്ഥാനത്ത് എത്തുന്നത്.
നിജിൽ ദാസിനെ കസ്റ്റഡിയിൽ എടുത്ത പോലീസ് സംഘം ഇന്നലെ കണ്ണൂരിലെ പ്രത്യേക കേന്ദ്രത്തിൽ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
അഡീഷണൽ എസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിജിൽ ദാസിനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനോട് നിസഹകരിച്ച നിജിലിന്റെ കോൾ ഡീറ്റൈൽസിൽ നിന്നാണ് അധ്യാപികയുടെ പങ്ക് സംബന്ധിച്ച വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെ കൊലക്കേസ് പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപികയുടെ വീടിനു നേരെ ഇന്നലെ രാത്രി ബോംബാക്രമണമുണ്ടായി.
അക്രമി സംഘം രണ്ട് ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്. നിജിൽ ദാസ് കൂടി പിടിയിലായതോടെ ഇനി ഒരാൾ കൂടിയാണ് കൊലയാളി സംഘത്തിൽ വലയിലാകാനുളളത്.
നഗരസഭ കൗൺസിലറും ബിജെപി മണ്ഡലം പ്രസിഡന്റുമായ ലിജേഷ് ഉൾപ്പെടെയുള്ള പ്രതികൾ റിമാൻഡിലാണുള്ളത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ നിജിൽ ദാസ് ഒളിവിൽ കഴിയുന്നതിനിടെ തലശേരി കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു.
കേസിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി ഇയാൾ നൽകിയ ജാമ്യ അപേക്ഷ കോടതി തളളിയിരുന്നു.
സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ സ്വന്തം വീട്ടുപരിസരത്തായി ആരുമറിയാതെയും ആരുടെയും ശ്രദ്ധയിൽ പെടാതെയും കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞതെന്നത് പോലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നുണ്ട്.
വീട് കൊടുത്തത് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട്
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് നിജിൽ ദാസിന് അധ്യാപിക വീട് നൽകിയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ഒളിച്ചുതാമസിക്കാൻ ഒരിടംവേണമെന്ന് പറഞ്ഞ് വിഷുവിന് ശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്.
17 മുതൽ നാലുദിവസത്തേക്ക് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് താമസിക്കാൻ രേഷ്മ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്വകാര്യ വിദ്യാലയത്തിലെ മീഡിയ കോ-ഓർഡിനേറ്റർ കൂടിയായ അധ്യാപികക്ക് നിജിൽ ദാസിനെ നേരത്തെ അറിയാമായിരുന്നു.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ച് താമസിപ്പിച്ചത് ഐപിസി 212 വകുപ്പ് പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഹരിദാസൻ വധത്തിന് ശേഷം ഒളിവിൽ പോയ നിജിൽദാസ് ഇതിന് മുൻപ് താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.