കടുത്തുരുത്തി: പ്രണയ തട്ടിപ്പില്‍ പോലീസിന്റെ അന്വേഷണവും നാട്ടുകാരുടെ ജാഗ്രതയും ശക്തമായതോടെ ഈ ലക്ഷ്യത്തിനായി നാട്ടിലെത്തിയ സംഘാംഗങ്ങളില്‍ പലരും നാട്ടിലേക്കു മടങ്ങിയതായി രഹസ്യ വിവരം.
ഇതു സംബന്ധിച്ച പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും ശക്തമായി നടക്കുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കടുത്തുരുത്തിയില്‍ അടുത്ത നാളുകളിലുണ്ടായ സംഭവ വികാസങ്ങള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഏറേ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ശക്തമാകാന്‍ പോലീസിന്റെ അലസതയും വഴി വച്ചുവെന്നു നാട്ടുകാര്‍ ആരോപിച്ചിരുന്നു.
അവരെ പിടികൂടിയതോടെ
ആഴ്ച്ചകള്‍ക്ക് മുമ്പ് കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ അധികാരികള്‍ പുറത്ത് നിന്നുള്ള ചില ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപെട്ട് കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യമൊന്നും അന്വേഷണം നടത്താന്‍ പോലീസ് തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
പിന്നീട് ചില യുവാക്കളെ പെണ്‍കുട്ടികള്‍ക്കൊപ്പം നാട്ടുകാര്‍ പിടികൂടിയതോടെയാണ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് പോലീസ് തയാറായത്.
വേറെയും സംഭവങ്ങൾ
പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20) നൊപ്പമുണ്ടായിരുന്ന ഇടുക്കി കുമളി സ്വദേശി ആദില്‍ മുഹമ്മദിനെ കുറിച്ചും പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ല.
ഇവര്‍ ഇരുവരെയുമാണ് ഒരു പെണ്‍കുട്ടിക്കൊപ്പം കടുത്തുരുത്തിയില്‍ നിന്നു നാട്ടുകാര്‍ പിടികൂടിയത്.
കടുത്തുരുത്തിയിലെ ഒരു ലോഡ്ജില്‍ മിസ്ഹബും ആദില്‍ മുഹമ്മദുമാണ് റൂമെടുത്ത് താമസിച്ചിരുന്നത്. ഇതുപോലെ സമാനമായ സംഭവങ്ങള്‍ വേറേയുമുണ്ടായിരുന്നു.
രഹസ്യപോലീസ്
ആഡംബര ബൈക്കുകളിലും കാറുകളിലുമൊക്കെയാണ് ഇത്തരം സംഘങ്ങളില്‍ പലരും കറങ്ങി നടന്നിരുന്നത്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകളെല്ലാം തന്നെ മലബാര്‍ മേഖലയിലേതായിരുന്നു.
പോലീസിലെ ഇന്റലിജന്‍സ് വിഭാഗങ്ങളും ഈ സംഭവങ്ങള്‍ സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നുണ്ട്.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് പുറമെയാണ് രഹസ്യപോലീസുകാരുടെ അന്വേഷണവും ശക്തമായി നടക്കുന്നത്.
പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് കടുത്തുരുത്തിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി റിമാന്‍ഡിലാവുകയും പിന്നീടുള്ള ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരികയുമായിരുന്നു.
ഇതോടെ സമീപത്തെ പല പോലീസ് സ്റ്റേഷന് അധികാരികളും തങ്ങളുടെ പരിധികളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് രഹസ്യമായി അന്വേഷിക്കുന്നുണ്ട്.
ആൺകുട്ടികളെയും…
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടെയില്‍ തടസമില്ലാതെ ലഹരിയുടെ വിപണനം നടക്കുന്നതായി മനസിലാക്കിയിട്ടുണ്ടെങ്കിലും ഇതു കണ്ടെത്താനോ, നിര്‍മാര്‍ജനം ചെയ്യാനോ ഉത്തരവാദിത്വപെട്ടവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രണയ തട്ടിപ്പിന് പിന്നില്‍ പെണ്‍കുട്ടികളെ മാത്രമല്ല, ആണ്‍കുട്ടികളെയും ലക്ഷ്യം വച്ചിരുന്നുവെന്നത് രക്ഷിതാക്കളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കടുത്തുരുത്തി പേലീസെടുത്ത പോക്സോ കേസിലെ ഒളിവില്‍ കഴിയുന്ന നാലാം പ്രതിക്കായും അന്വേഷണം നടക്കുന്നുണ്ട്.
പ്രണയവും ലഹരിയും
പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് നിരവധി യുവാക്കളാണ് കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്കുന്ന വിവരം.
കല്ലറ, അതിരമ്പുഴ, കുറവിലങ്ങാട്, പാലാ, തലയോലപ്പറമ്പ്, വടയാര്‍ തുടങ്ങി ഒട്ടനവധി പ്രദേശങ്ങളില്‍ ഇത്തരം സംഘങ്ങള്‍ കഴിയുന്നുണ്ട്.
ഏതെങ്കിലും ഒരു സ്ഥലത്തെത്തി താമസമാരംഭിക്കുന്ന പ്രണയ തട്ടിപ്പ് സംഘം തങ്ങള്‍ക്ക് വല വിരിക്കാന്‍ പറ്റുന്ന മേഖലകള്‍ കണ്ടെത്തി അവിടം കേന്ദ്രീകരിച്ചാണ് പ്രണയത്തിന്റെയും ലഹരിയുടെയും കൊണിയൊരുക്കിയിരുന്നത്.
പ്രണയ തട്ടിപ്പില്‍ പിടിയിലായ യുവാക്കളെല്ലാം ലഹരി ഉപയോഗിക്കുന്നവരും ഇതിന്റെ വില്‍പ്പനക്കാരുമാണെന്നു പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.