പഴകിയ മീന്‍ മൂലം ആരോഗ്യപ്രശ്നമുണ്ടാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
നെടുങ്കണ്ടത്തു പച്ചമീന്‍ കഴിച്ച പതിനൊന്നുകാരനു വയറുവേദന. കുട്ടി കെ.പി. കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ ഉണ്ടാവുന്ന നാലാമത്തെ സംഭവമാണിത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കത്തു നല്കി. നാലാം തവണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കത്തു നല്‍കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് 22-ാം വാര്‍ഡില്‍ പതിനാലുകുട്ടിയില് മാടത്താനിയില്‍ വീട്ടില്‍ സുരേന്ദ്രന്റെ മകനാണ് നെടുങ്കണ്ടം സോണി ഫിഷറീസില്നിന്നു വ്യാഴാഴ്ച വാങ്ങിയ കട്ല മീന്‍ കഴിച്ചതിനെത്തുടര്‍ന്നു വയറുവേദനയുണ്ടായത്.
കുട്ടിയെ ആദ്യം ഹോമിയോ ചികിത്സയ്ക്കു വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
മത്സ്യം പഴകിയതോ രാസവസ്തുക്കള്‍ ചേര്‍ത്തതോ അകാമെന്നാണ് മെഡിക്കല്‍ ഓഫീസറുടെ നിഗമനം. മെഡിക്കല്‍ ഓഫീസര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നല്കിയ കത്തിന്റെ പകര്‍പ്പ് ഡി.എം.ഒയ്ക്കും കൈമാറിയിട്ടുണ്ട്.
പുഷ്പക്കണ്ടം തെറ്റാലിക്കല്‍ ത്രേസ്യാമ്മ (60), പുഷ്പക്കണ്ടം ഇല്ലിമൂട് വല്യാറച്ചിറയില്‍ പുഷ്പവല്ലി (59) എന്നിവര്‍ക്കാണു പഴകിയ മത്സ്യം കഴിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഒരാഴ്ച മുമ്പു തൂക്കുപാലത്തെ മീന്കടകളില്നിന്നു വാങ്ങിയ മത്സ്യം കഴിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വയറുവേദന അനുഭവപ്പെടുകയും അവര്‍ കെ.പി.കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
മത്സ്യാവശിഷ്ടങ്ങള്‍ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചാവുകയും ചെയ്തു. ഇത് വലിയ വാര്‍ത്തയായിരുന്നു.
ഇതേത്തുടര്‍ന്ന് പരിശോധനയ്ക്ക് ആരോഗ്യമന്ത്രി ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഓപ്പറേഷന് മത്സ്യ എന്ന പേരില്‍ ഇടുക്കി ജില്ലയില്‍ പരിശോധന നടക്കുകയാണ്.