തനിക്കെതിരേ രംഗത്തു വന്ന ഡിവൈഎഫ്ഐ കണ്ണൂര്‍ ഘടകത്തിന് താക്കീതുമായി അര്ജുന് ആയങ്കി.
തനിക്കെതിരെ സംഘടന ചുമത്തിയ കുറ്റങ്ങള്‍ തള്ളിക്കൊണ്ടാണ് അര്ജുന് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തുവന്നത്.
തന്നെ വീണ്ടും പൊതുസമൂഹത്തിനു മുമ്പില്‍വച്ച് വിചാരണ ചെയ്യാനാണ് ഭാവമെങ്കില്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നാണ് അര്ജുന് പറയുന്നത്.
നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നതായും അര്ജുന് ആയങ്കി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ നില്‍ക്കുന്നില്ലെന്നും അര്ജുന് പറഞ്ഞു.
അര്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…
ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്.
പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.
അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ ഞാനും നിര്‍ബന്ധിതനായേക്കും.
അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്.
നിങ്ങള്‍ക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക,
അതാര്‍ക്കും ഗുണം ചെയ്യുകയില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്ക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്? ‘പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു.’
സംഘടനയ്ക്കെതിരേ അപകീര്‍ത്തി പ്രചാരണം നടത്തുന്നുവെന്ന ഡിവൈഎഫ്ഐയുടെ പരാതിക്ക് പിന്നാലെ നേരത്തെ പരോക്ഷ ഭീഷണിയുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി രംഗത്തുവന്നിരുന്നു.
മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും വരാന്‍ താല്പര്യമുള്ള ചാനലുകാര്‍ക്ക് വരാമെന്നുമാണ് അര്ജുന് ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതോടെ അര്ജുന് ആയങ്കിയുടെ വെളിപ്പെടുത്തലില്‍ ഒരു ഭീഷണി സ്വരമില്ലേയെന്ന സംശയവും ഇതിനോടകം ഉയര്‍ന്നിരുന്നു.
സ്വര്‍ണക്കടത്ത് സംഘങ്ങളില്‍പ്പെട്ടവര്‍ സമൂഹമാധ്യമങ്ങള്‍ വഴി, ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ അര്‍ജുനെതിരെ പരാതി നല്‍കിയത്.
‘സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍ ഡിവൈഎഫ്ഐ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ക്യാംപെയ്ന് നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണം’, എം ഷാജര്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണ കള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഇക്കൂട്ടര്‍ എടുത്തുചാടുന്ന അവസ്ഥയാണ് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
അറസ്റ്റിന് പിന്നാലെ, അര്ജുന് ആയങ്കിയെ സിപിഎമ്മും ഡിവൈഎഫ്ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി അനുഭാവികളെന്ന തരത്തില്‍ ഇവര്‍ ഇടുന്ന പോസ്റ്റിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.
എന്തായാലും രണ്ടും കല്‍പ്പിച്ച് മുമ്പോട്ടു പോകാനാണ് അര്ജുന് ആയങ്കിയുടെ തീരുമാനമെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനകള്‍.