ജനമൈത്രി പോലീസ് എന്നാണ് പേരെങ്കിലും ജനങ്ങളോട് ഒട്ടുമിക്ക പോലീസുകാര്‍ക്കും അത്ര മൈത്രി ഉണ്ടാവാറില്ല.
എന്നാല്‍ ഇതിന് അപവാദമാവുകാണ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ഒരു ട്രാഫിക് പോലീസുകാരന്.
‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച യാചകനായ വയോധികനെ കുളിപ്പിച്ചിരിക്കുകയാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജു.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം.
പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്.
ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു.
പക്ഷേ, മറുപടി ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികന് നാണയത്തുട്ടുകള്‍ ഷൈജുവിനു നേരെ നീട്ടി.
ഇതോടെയാണ് വയോധികന് കുളിക്കാന്‍ ആഗ്രഹിക്കുന്നതായി ഷിജുവിനു മനസ്സിലായത്. സമീപത്തെ ഇടവഴിയില്‍ നിന്ന് കുളിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തു.
80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പില്‍ വെള്ളം കോരി കുളിക്കാനുള്ള ത്രാണിയില്ലെന്നു മനസ്സിലാക്കിയ ഷൈജു, മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിച്ചു.
കണ്ടു നിന്ന ചിലര്‍ വാങ്ങിക്കൊടുത്ത തോര്‍ത്തു മുണ്ട് ഉപയോഗിച്ചു തോര്‍ത്തി. ശരീരവും തുടച്ചു വൃത്തിയാക്കി.
കുറച്ചു പുതിയ വസ്ത്രവും പണവും നല്‍കിയാണ് വയോധികനെ യാത്രയാക്കിയത്. തമിഴ് ചുവയില്‍ സംസാരിക്കുന്ന വയോധികന് കട വരാന്തയിലും മറ്റുമായി അന്തിയുറങ്ങുന്നതെന്ന് അറിയാന്‍ കഴിഞ്ഞതായി ഷിജു പറഞ്ഞു.
പ്രായാധിക്യം കാരണം കടുത്ത അവശത നേരിടുന്നുണ്ട്. തന്നെക്കൊണ്ടു കഴിയുന്നതു ചെയ്തു എന്നു ഷിജു പറഞ്ഞു.
ആരോ ക്ലിക് ചെയ്ത ഷിജു വയോധികനെ കുളിപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.