കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതായി കാണിച്ചാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറിയിരുന്നു.
ഇന്ന് മറുപടി നല്കാന് ദിലീപിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ജിന്സണ്, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പോലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റെ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ ഹര്‍ജിയും ഇന്ന്
കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളും മറ്റും അന്വേഷണ ഉദ്യോഗസ്ഥന് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് ദിലീപ് നല്കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള ഹര്‍ജി പരിഗണിക്കും
ദിലീപിന്റെ ഫോണില്‍ കോടതിയിലെ രഹസ്യ രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും.