കൊച്ചി: നഗരത്തിലെ ആഡംബര വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഉത്തരേന്ത്യന്‍ സ്വദേശികളില്‍ ഹരിചന്ദ്ര കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ എത്തിയത് മോഷണത്തിനാണോയെന്ന് പോലീസ് അന്വേഷണം തുടങ്ങി.
ഫെബ്രുവരിയില്‍ ഇയാള്‍ കൊച്ചിയില്‍ എത്തി മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോ എയര്‍ വിമാനത്തിലായിരുന്നു ഇയാള്‍ വന്നിരുന്നതെന്നാണ് സൂചന.
ഇത് തെളിയിക്കുന്നതിനായി വിമാന ഏജന്‍സികളില്‍ നിന്ന് പോലീസ് സംഘം ഉടന്‍ വിവരങ്ങള്‍ ശേഖരിക്കും.നഗരത്തിലെ ആറു വീടുകളില്‍ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സാമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ മിന്റു വിശ്വാസ് (47), ഹരിചന്ദ്ര (33) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
കൊച്ചിയിലെ ആറ് വീടുകളില്‍ മോഷണം നടത്തിയ ഇവരുടെ പക്കല്‍നിന്നു പോലീസ് 70,000 രൂപ, 411 ഡോളര്‍ നോട്ടുകള്‍, രണ്ടു വിലകൂടിയ വാച്ച്, നാല് മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തു.
സൂത്രധാരന്‍ ഹരിചന്ദ്ര
അടഞ്ഞു കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് പട്ടാപ്പകല്‍ മോഷണം നടത്തിയിരുന്ന സംഘത്തിലെ സൂത്രധാരന്‍ ഹരിചന്ദ്രയായിരുന്നുവെന്ന് പോലീസ് പറയുന്നു
. മോഷണം നടത്താന്‍ ലക്ഷ്യമിടുന്ന വീടിനു മുന്നിലൂടെ പല തവണ നടന്ന് പരിസരം വീക്ഷിച്ച ശേഷമാണ് സംഘം കവര്‍ച്ച നടത്തിയിരുന്നത്. മോഷണം നടത്തുന്ന വീടുകള്‍ കുത്തിത്തുറന്നിരുന്നത് മിന്റുആയിരുന്നു.
വിമാനമാര്‍ഗമെത്തി കവര്‍ച്ച നടത്തിയശേഷം വിമാനത്തില്‍തന്നെ മടങ്ങുന്നതാണ് ഇവരുടെ രീതി. 21ന് കൊച്ചിയില്‍ വിമാനം ഇറങ്ങിയവരില്‍ മിന്റുവിന്റെ പേരും വിലാസവും സ്ഥിരീകരിച്ചതോടെ പ്രതികളെ ഏറെക്കുറെ ഉറപ്പിച്ചു.
മിന്റു രാവിലെ കൊച്ചിയിലും വൈകിട്ട് ഡല്‍ഹിയിലും എത്തിയതായി വിമാന ഏജന്‍സികളില്‍നിന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇ
തിനിടെ എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതോടെയാണ് മൂവരും പോലീസ് പിടിയിലായത്.
കാഴ്ചയില്‍ ഉന്നത ഉദ്യോഗസ്ഥരെന്നു തോന്നുന്ന രീതിയിലുള്ള വസ്ത്രധാരണമായിരുന്നു ഇവരുടേത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം.
കടവന്ത്ര, എളമക്കര എന്നിവിടങ്ങളില്‍ രണ്ടുവീതവും പാലാരിവട്ടം, നോര്‍ത്ത് എന്നിവിടങ്ങളില്‍ ഒരോ വീടുകളിലുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത് .
സ്കൂട്ടര്‍ ആരുടേത്?
പ്രതികള്‍ ഉപയോഗിച്ചിരുന്നുവെന്നു സംശയിക്കുന്ന ഒരു സ്കൂട്ടര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ആരുടേതെന്നും പോലീസ് അ്ന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മനസിലായതെന്ന് ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു. അത്തരത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ഇന്ന് അപേക്ഷ നല്‍കും. കടവന്ത്ര, നോര്‍ത്ത്, പാലാരിവട്ടം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്പെഷല്‍ ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.