മകൾ എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് നടി മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ മീര വര്‍ഷങ്ങളായിട്ട് അഭിനയരംഗത്തുനിന്നു വിട്ട് നില്‍ക്കുകയായിരുന്നു.
ഇപ്പോള്‍ സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടി.ജയറാം നായകനായിട്ടെത്തുന്ന ചിത്രത്തില്‍ ടീനേജുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് മീര ജാസ്മിന് അഭിനയിക്കുന്നത്.
എന്നാൽ മീരയുടെ തിരിച്ചുവരവില്‍ എല്ലാവരും അദ്ഭുതപ്പെട്ടത് ഗംഭീര മേക്കോവര്‍ കണ്ടിട്ടാണ്. ശരീരഭാരം കുറച്ച് മെലിഞ്ഞ് പഴയതിലും സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
സിനിമയിലേക്ക് തിരിച്ച് വരുന്നതിന് പ്രത്യേക തയാറെടുപ്പുകളൊന്നും താന്‍ നടത്തിയിട്ടില്ലെന്നാണ് മീര പറയുന്നത്. മാത്രമല്ല സിനിമയുടെ സെറ്റില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയ നിമിഷത്തെക്കുറിച്ചുമൊക്കെ പുതിയ ഒരഭിമുഖത്തിൽ മീര വിശദമാക്കി.
സിനിമയിലേക്ക് തിരിച്ചുവന്ന ആദ്യ ദിവസം ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. അന്ന് അഭിനയിക്കുന്നില്ല, ചുമ്മാ ഷൂട്ടിംഗ് കാണാന്‍ വന്നിരുന്നോട്ടെ എന്ന് സത്യന് അങ്കിളിനോട് പറഞ്ഞിരുന്നതാണ്.
പക്ഷേ എന്റെ സീനിലാണ് ഷൂട്ടിംഗ് തുടങ്ങിയത്. സെറ്റില്‍ എനിക്ക് പരിചയമുള്ള മുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ടെന്‍ഷന്‍ ആയിരുന്നു.
അച്ചുവിന്റെ അമ്മയിലെ എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ… എന്ന പാട്ട് വെച്ചിട്ടാണ് സെറ്റിലേക്ക് എന്നെ സ്വാഗതം ചെയ്തത്. അത് കണ്ട് സന്തോഷം വന്നു.
രൂപഭംഗി മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. കുറേ നാളായിട്ട് ഹെല്‍ത്തിയായി ജീവിക്കാനാണ് ഇഷ്ടം. ഭക്ഷണത്തിലൊക്കെ ശ്രദ്ധിക്കും.
വ്യായാമം സ്ഥിരമായി ചെയ്യും. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിന്നും നെഗറ്റീവിറ്റിയില്‍ നിന്നുമെല്ലാം മാറി നില്ക്കും. കോവിഡ് കാലത്ത് വീട്ടില്‍ നിന്നുള്ള വ്യായാമം ആയിരുന്നു.
മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിച്ചാല്‍ നമ്മള് എല്ലാവരും സുന്ദരന്മാരും സുന്ദരിമാരും ആയിരിക്കും.
സൂത്രധാരന്‍ (2001) എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും കന്നടയിലും തെലുങ്കിലുമൊക്കെ സജീവമായി.
വിവാഹത്തോടെയാണ് സിനിമകളില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തത്. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പ്പനകള്‍ എന്ന സിനിമയിലാണ് മീര അവസാനം അഭിനയിച്ചത്.
കാളിദാസ് ജയറാമിന്റെ പൂമരം എന്ന സിനിമയില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. ഇതിന് ശേഷമാണ് സത്യന് അന്തിക്കാടിനൊപ്പം മകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവിന് ഒരുങ്ങുന്നത്.