കന്നുകാലികളുടെ കുടല് ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന കാസര്‍ഗോട്ടെ സ്ഥാപനത്തില്‍നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍.
പശ്ചിമബംഗാള്‍ സ്വദേശികളായ സെയ്ദുല്(26) റോബിയാല്(21) എന്നിവരെയാണ് കാസര്‍ഗോഡ് പോലീസ് തമിഴ്നാട്ടിലെ വാണിയമ്പാടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് രണ്ടരലക്ഷം രൂപയുടെ മോഷണമുതലും അമ്പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഏപ്രില്‍ 18-നാണ് കാസര്‍ഗോട്ടെ സ്ഥാപനത്തില്‍ 15 ലക്ഷത്തിന്റെ കന്നുകാലിക്കുടലുകള്‍ മോഷണംപോയത്.
സ്ഥാപനത്തിലെ ആറ് ആസാം സ്വദേശികളെയും അന്നേദിവസം മുതല്‍ കാണാതായിരുന്നു. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായി.
തുടര്‍ന്ന് ഉടമകള്‍ നല്കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പോലീസിന്റെ അന്വേഷണത്തില്‍ കാണാതായ മൂന്ന് ബൈക്കുകളും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്.
കാണാതായ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായി. ഇതിനിടെയാണ് തൊഴിലാളികളില്‍ ഒരാളുടെ മൊബൈല്‍ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
തമിഴ്നാട് ദിണ്ടിക്കലിലുള്ള സെയ്ദുല് എന്നയാളുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഈ വിവരങ്ങളില്‍നിന്ന് മനസിലായി.
ദിണ്ടിക്കലില് കന്നുകാലിക്കുടലുകള്‍ കയറ്റി അയക്കുന്ന വ്യാപാരം ചെയ്യുന്നയാളാണ് സെയ്ദുലെന്നും കണ്ടെത്തി.
ഇതോടെ പോലീസ് സംഘം സെയ്ദുലിനെ തിരഞ്ഞ് ദിണ്ടിക്കലില് എത്തിയെങ്കിലും ഇയാള്‍ ഇവിടെനിന്നും മുങ്ങിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെയും കൂട്ടാളിയായ റോബിയാലിനെയും തമിഴ്നാട്ടില്‍ വാണിയമ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
മോഷണമുതലില്‍ ഭൂരിഭാഗവും മറിച്ചുവിറ്റ് അഞ്ചരലക്ഷത്തോളം രൂപ എല്ലാവരും വീതിച്ചെടുത്തെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതികളായ അസം സ്വദേശികള്‍ ബംഗാളിലേക്ക് കടന്നതായാണ് സൂചനയെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
എസ്.ഐ. മധുസൂദനന്, എസ്.സി.പി.ഒ.മാരായ രാകേഷ്, ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പോത്ത്, ആട്, കാള തുടങ്ങിയവയുടെ കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ടശേഷം ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
കാസര്‍ഗോഡ് ചൗക്കി മജലില്‍ എട്ടുവര്‍ഷം മുന്‍പാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. അസം സ്വദേശികളായ ആറുപേരും അഞ്ചുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നവരാണ്.
ഇതിനു സമീപത്തുതന്നെയുള്ള മുറിയിലായിരുന്നു താമസം. 80 ചാക്കുകളിലാക്കി സൂക്ഷിച്ച 5200 കഷണം കുടലുകള്‍ 18-ന് രാത്രിയാണ് ലോറിയില്‍ കടത്തിയതെന്ന് കരുതുന്നു.
രാത്രി ഒന്‍പതോടെ ഇവിടെനിന്ന് ലോറിയുടെ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞിരുന്നു.