കൊച്ചി: കൊച്ചിയില്‍ മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലുള്ളവര്‍ വിദേശത്തെന്ന് പോലീസ്.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികളായ ഏരൂര്‍ നടമ സ്വദേശികളായ സന്തോഷ്, രഞ്ജിത് എന്നിവര്‍ ഒരു മാസം മുമ്പ് വിദേശത്തേക്ക് കടന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം.
ഇവരുടെ യാത്രാ രേഖകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സനല്‍ പറഞ്ഞു.
നിരവധിപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പതിനായിരം രൂപയില്‍ താഴെ നിക്ഷേപം ആയതിനാലായിരിക്കാം പലരും പരാതി നല്കാന് മടിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്.
ഇവരുടെ ബാങ്ക്, ഫോണ്‍ രേഖകളും വിശദമായി പരിശോധിക്കും. ക്രൗണ്‍ വണ്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ മറവില്‍ യുവാവിനെയും ബന്ധുക്കളെയും കബളിച്ച് 10 ലക്ഷം രൂപ തട്ടിയ കേസില്‍ വെണ്ണല സ്വദേശി ജോഷി (51), തമ്മനം സ്വദേശി ബെന്സന് (52) എന്നിവരെ ഇന്നലെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. 9,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര യൂറോ എല്ലാ ആഴ്ചയും അക്കൗണ്ടില്‍ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇത്തരത്തില്‍ ഇടപ്പള്ളി സ്വദേശിയില്‍നിന്നു 10 ലക്ഷം രൂപയോളം പ്രതികള്‍ തട്ടിയെടുക്കുകയും തുടര്‍ന്ന് ഒളിവില്പോകുകയുമായിരുന്നു.
അക്കൗണ്ടില്‍ പണം എത്താതായതോടെ നിക്ഷേപകന് പോലീസിനെ സമീപിച്ചു. പാലാരിവട്ടത്ത് വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്.
ഇവരെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.