കൂരോപ്പട: കാണാതായ വിദ്യാർഥിനിയെ അയൽവാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ കണ്ടെത്തി.
അയൽവാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ കിടക്കുകയായിരുന്നു. ഇന്നലെ രാത്രി യോടെ അടുത്തവീട്ടിലെ ഒരു മുറിയിൽ കട്ടിലിന്റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കുന്പോഴാണു കുട്ടിയെ കണ്ടെത്തിയത്.
കുട്ടി ഒളിച്ചിരുന്ന മുറി ഈ വീട്ടിൽ മകൾ എത്തുന്പോൾ ഉപയോഗിച്ചിരുന്നതാണ്. ഈ മകൾ കറുകച്ചാലിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു.
കുട്ടി ഒളിച്ചിരുന്ന വീട്ടിലുള്ളവർ ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോയി വൈകുന്നേരം 5.30നാണ് തിരിച്ചെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 5.30നു വീടിനുള്ളിൽ കയറി ഒളിച്ചതായാണ് വിദ്യാർഥിനി പോലീസിനോട് പറഞ്ഞത്.
തുടർന്ന് പോലീസ് വൈദ്യപരിശോധനകൾക്കായി പാന്പാടി ആശുപത്രിയിൽ എത്തിച്ചു.
കൂരോപ്പട മാതൃമല താമസിക്കുന്ന വിദ്യാർഥിനിയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതലാണ് കാണാതായത്.
ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അയൽവീടുകളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എത്തുകയും മടങ്ങുകയും ചെയ്തിരുന്നു.
തുടർന്നാണു കാണാതായത്. രാത്രി വൈകിയും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ പാന്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മാതൃമലയിലും പരിസര പ്രദേശങ്ങളും നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വീണ്ടും തെരച്ചിൽ നടത്തി. ഡോഗ് സ്ക്വാഡ് എത്തി തെരച്ചിലിന് ആക്കം കൂട്ടി.
തോണക്കര ഭാഗത്തു വരെ പോലീസ് നായ മണം പിടിച്ച് എത്തി. തുടർന്ന് അവിടെയും വിശദമായ തെരച്ചിൽ നടത്തി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, എസ്ഐ ലെബിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണത്തിലായിരുന്നു.