കണ്ണൂര്‍ : പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ രക്തസാക്ഷി ഫണ്ടിലും തിരിമറി നടത്തിയതായി ആരോപണം.
ഓഫീസ് നിര്‍മാണത്തിനായി ചിട്ടി നടത്തിയും വ്യാജ രസീതുപയോഗിച്ച് തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചും നടത്തിയ ഒരുകോടിയോളം രൂപയുടെ സാമ്പത്തിക വെട്ടിപ്പുകളെപ്പറ്റിയുള്ള വിവാദത്തിനു പിന്നാലെയാണ് പുതിയ വിവാദം തലപൊക്കുന്നത്.
പാര്‍ട്ടിക്കായി ജീവിച്ച സഖാവിന്‍റെ കൊലപാതകത്തോടെ അനാഥത്വത്തിലായ കുടുംബത്തെ സഹായിക്കാനായി നടത്തിയ ഫണ്ടുപിരിവിലും തിരിമറി നടത്തിയെന്നതാണ് പുതിയ ആരോപണം.
കൊല്ലപ്പെട്ട സഖാവിന്‍റെ കടബാധ്യതകളുള്‍പ്പെടെ പരിഹരിക്കാനായി വിദേശത്തുള്‍പ്പെടെ നടത്തിയ ഒരുകോടിയോളം രൂപയുടെ ഫണ്ടുപിരിവില്‍നിന്നും 60 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടന്നതെന്ന കമ്മിറ്റികളിലുയര്‍ന്ന ആരോപണമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.
ഫണ്ടില്‍നിന്നു കുടുംബാംഗങ്ങള്‍ക്കും വീടു നിര്‍മാണത്തിനുമായി ചെലവിട്ട പണം കഴിച്ചുള്ള 60 ലക്ഷത്തോളം രൂപ ഫിക്സഡ് ഡിപ്പോസിറ്റായി രണ്ടുനേതാക്കളുടെ പേരിലാണിട്ടിരുന്നതെന്നും പിന്നീട് ഈ എഫ്ഡി പിന്‍വിലിച്ചതായുമാണ് പുറത്തുവരുന്ന വിവരം.
കൊല്ലപ്പെട്ട സഖാവിന്‍റെ പേരില്‍ പയ്യന്നൂരിലെ ബാങ്കിലുള്ള കടബാധ്യത ജപ്തി നടപടിയിലേ ക്കെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് എഫ്ഡിയായി നിക്ഷേപിച്ച പണം പിന്‍വലിച്ചതായി കണ്ടെത്തിയത്.
ഈ വിഷയം പാര്‍ട്ടികമ്മിറ്റികളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് ഏരിയ കമ്മിറ്റി അന്വേഷണം നടത്തി ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അറിയുന്നു. പയ്യന്നൂര്‍ ബാങ്കിലെ രേഖകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിലുയര്‍ന്ന ബില്‍ഡിംഗ് ഫണ്ടിനായുള്ള ചിട്ടി നടത്തിപ്പ്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നടത്തിയ ഒരു കോടിയോളം രൂപയുടെ തിരിമറിയെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ പാര്‍ട്ടി തലത്തില്‍ നടന്നിരുന്നു.
പയ്യന്നൂരില്‍ നടന്ന സാമ്പത്തിക തിരിമറികളെപ്പറ്റി ഏരിയ കമ്മിറ്റി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറോളം പേര്‍ക്കെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായുമുള്ള സൂചനകളാണ് പുറത്തു വരുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്താന്‍ വ്യാജ രസീതുണ്ടാക്കിയതിന് അന്വേഷണത്തില്‍ തെളിവും ലഭിച്ചിരുന്നു. ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയില്‍ നടന്നിരുന്നു.
എന്നാല്‍, രാവിലെ മുതല്‍ വൈകുന്നേരംവരെ നടത്തിയ ചര്‍ച്ചകളുടെ തീരുമാനം പാര്‍ട്ടി നേതൃത്വം പറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ തെളിവുകളുള്‍പ്പെടെ കണ്ടെത്തിയിട്ടുള്ളതിനാല്‍ സ്വീകരിക്കേണ്ട നടപടി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടിരിക്കയാണെന്നാണ് സൂചന.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമുള്‍പ്പെടെ സിപിഎമ്മിന്‍റെ അമരക്കാരുടെ തട്ടകമായ കണ്ണൂരില്‍ ഇത്തരം കാര്യങ്ങള്‍ക്കു നടപടിയുണ്ടായില്ലെങ്കില്‍ മറ്റു ജില്ലകളുടെ നിയന്ത്രണം കൈവിട്ടുപോകുമെന്ന വിലയിരുത്തലും നേതാക്കന്മാര്‍ക്കിടയിലുണ്ട്.
ചികിത്സയ്ക്കായി പോയിരിക്കുന്ന മുഖ്യമന്ത്രി തിരിച്ചു വന്നാലുടന്‍ ഇക്കാര്യത്തില്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.