മുമ്പ് വളരെ ലാഘവത്തോടെ ചെയ്യുവാൻ സാധിച്ചിരുന്ന ഓട്ടവും ചാട്ടവും കളികളും വ്യായാമവും കോവിഡിനു ശേഷം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുള്ളത് പരിഗണിച്ച് അവ വളരെ സാവകാശത്തിലാക്കുകയും ക്രമേണ കഴിയുന്നതിനനുസരിച്ച് മാത്രം മെച്ചപ്പെടുത്തുകയും ചെയ്യുക. അനാവശ്യമായ ധൃതി ജീവൻതന്നെ അപകടത്തിലാക്കാമെന്ന് തിരിച്ചറിയുക.
രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത
കോവിഡ് ബാധിച്ച് നെഗറ്റീവായവർ നിർബന്ധമായും അവരുടെ രക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ, ബി.പി, കരളിന്റെ പ്രവർത്തനങ്ങൾ, രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത എന്നിവ രക്തപരിശോധനയിലൂടെയും ചിലപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയും നിരീക്ഷിക്കേണ്ടതുണ്ട്.
അവ നോർമലല്ലെങ്കിൽ ശരിയായ ഇടപെടലുകളിലൂടെ നോർമലാക്കുകയും അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം.
ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ…
ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങളും മുടികൊഴിച്ചിലും നിസാരമായി കരുതേണ്ടതല്ല. അതും കോവിഡ്കാരണം ശരീരത്തിനുണ്ടായ കുഴപ്പം കാരണമുള്ളതുതന്നെയാണ്.
അവയ്ക്കുള്ള ചികിത്സകൂടി ഭക്ഷണത്തിന്റെ ശ്രദ്ധയ്ക്കൊപ്പം അനിവാര്യമാണ്. ഇടുപ്പ് വേദനയുള്ളവർ ഇടുപ്പിന്റെ ഭാഗത്തുള്ള രക്തചംക്രമണം ശരിയായി നടക്കുന്നുണ്ടോയെന്നും ഘടനാപരമായ വ്യത്യാസം ഇടുപ്പെല്ലിന്റെ സന്ധിയിൽ ഉണ്ടായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്.
തോൾ വേദന വർധിച്ചിട്ടുള്ളവർ അതിനും പരിഹാരം കാണേണ്ടതുണ്ട്. ഉറക്കം എത്രയും വേഗത്തിൽ ശരിയാക്കുന്നോ അത്രയും വേഗത്തിൽ രക്തസമ്മർദം നോർമലാകും.
പൂർണാരോഗ്യമുള്ളവർക്ക്…
ഒരു ഭക്ഷണത്തിനോടും താൽപര്യവും രുചിയും തോന്നാത്ത അവസ്ഥയൊക്കെ അധികനാൾ ബുദ്ധിമുട്ടിക്കുന്നതായി അനുഭവപ്പെടുന്നില്ല.
ഒന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർക്ക് കോവിഡാനന്തരം ഇത്തരം ബുദ്ധിമുട്ടുകൾ അത്രയേറെ കാണുന്നില്ല. കുട്ടികൾക്ക് തോന്നുന്ന പ്രയാസങ്ങൾ മറ്റാരേക്കാളും വേഗത്തിൽ മാറുന്നതായും നിരീക്ഷണങ്ങളുണ്ട്.
പൂർണാരോഗ്യമുള്ളവർക്കും ബുദ്ധിമുട്ടുകൾ കുറവാണ്. ഇവയെല്ലാം പരിഗണിച്ച് കോവിഡാനന്തര ബുദ്ധിമുട്ടുകളുള്ളവർ ആയുർവേദ ചികിത്സ പ്രയോജനപ്പെടുത്തേണ്ടതാണ്.
ആയുർവേദ ചികിത്സ
രോഗിയുടെ നിലവിലുള്ള ബുദ്ധിമുട്ടുകൾ, പുതുതായി ഉണ്ടായ രോഗങ്ങൾ, നിലവിലുള്ള മറ്റു രോഗങ്ങൾ, രോഗിയുടെ പ്രായം, പൊതുവിലുള്ള ആരോഗ്യാവസ്ഥ തുടങ്ങിയവ പരിഗണിച്ചാണ് ആയുർവേദ ചികിത്സ ചെയ്യുന്നത്.
അതിനായി കഷായം, അരിഷ്ടങ്ങൾ, ചൂർണ്ണം, ഗുളികകൾ, ലേഹ്യങ്ങൾ,ഘൃതങ്ങൾ, ലേപങ്ങൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു.
ഇവ എല്ലാ രോഗികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ പലരിലും കാണുന്ന സമാനസ്വഭാവമുള്ള ലക്ഷണങ്ങൾക്ക് ഏതെങ്കിലുമൊരു മരുന്ന് പ്രയോജനപ്പെടണമെന്നില്ല.
എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കുള്ള ആയുർവേദചികിത്സ സൗജന്യമായി നൽകിവരുന്നു.
പ്രൈവറ്റ് ആയുർവേദ ചികിത്സാകേന്ദ്രങ്ങളിൽ നിന്നും ഇത്തരം ചികിത്സകൾ നൽകുന്നുണ്ട്. കോവിഡാനന്തരം ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഡോക്ടറെ സന്ദർശിച്ചുതന്നെ ഈ രീതിയിലുള്ള ആയുർവേദ ചികിത്സ ഉപയോഗപ്പെടുത്തേണ്ടതാണ്.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481