തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിൽ ബന്ധുവും റിട്ട. കൃഷി ഓഫീസറും ഉൾപ്പെടെ മൂന്നുപേർകൂടി അറസ്റ്റിലായി.
ഇതോടെ കേസിൽ ഇതിനോടകം 11 പേർ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മാതാവും ഇടനിലക്കാരനും പീഡിപ്പിച്ചവരും ഉൾപ്പെടെയാണ് അറസ്റ്റിലായത്.
റിട്ട. കൃഷി ഓഫീസർ കുമാരമംഗലം പെരുന്പള്ളിച്ചിറ പുതിയിടത്തുകുന്നേൽ മുഹമ്മദ് മൊയ്തീൻ (68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർ കുമാരമംഗലം പൊന്നാംകേരിൽ അനന്ദു അനിൽ (24), എന്നിവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൊയ്തീനും അനന്ദുവും കുമാരമംഗലത്തും തൊടുപുഴയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ചുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
വീട്ടിലെത്തി അടുപ്പം സ്ഥാപിച്ചാണ് ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇതിനിടെ അറസ്റ്റിലായ മാതാവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ മാതാവിനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പോലീസ് സംരക്ഷണയിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇവരെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ജയിലിലും ഇവർക്ക് ചികിൽസ നൽകിവരുന്നുണ്ട്.
2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരനും കുമാരമംഗലം സ്വദേശിയുമായ ബേബി എന്ന് വിളിക്കുന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്.
പിന്നീട് പെണ്‍കുട്ടിയെ ഇയാൾ വൻതുക വാങ്ങി പലർക്കും കൈമാറുകയായിരുന്നു. പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ബേബിയെ തേടി മറ്റ് ജില്ലകളിൽനിന്നുള്ളവരും ഇവിടെയെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
രണ്ട് മാസം മുന്‍പുവരെ പീഡനം തുടർന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയായതും പീഡന വിവരങ്ങളും പുറത്തുവന്നത്.