മംഗലംഡാം : വനത്തിനുള്ളിൽ പ്ലാസ്റ്റിക് കൂടാരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് 30,000വും 40,000 വും രൂപ വരുന്ന കറന്റ് ബിൽ.
കടപ്പാറക്കടുത്ത തളികകല്ല് ആദിവാസി കോളനിയിലെ വീടുകൾക്കാണ് ഇത്രയും ഉയർന്ന കറന്റ് ബിൽ വന്നിട്ടുള്ളത്.
2008ൽ കോളനിയിൽ കറന്റ് കണക്ഷൻ വന്നതു മുതൽ പന്ത്രണ്ടുവർഷത്തെ ബിൽ ഒന്നിച്ചാണ് വീട്ടുകാർക്ക് നല്കിയിട്ടുള്ളത്.
കുടിശിക തുക മുഴുവൻ ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ഉൗരുമൂപ്പൻ നാരായണൻ പറഞ്ഞു.
എ.കെ. ബാലൻ മന്ത്രിയായിരുന്നപ്പോഴാണ് കോളനിയിൽ കറന്റ് എത്തിയത്. നിയോജക മണ്ഡലത്തിലെ സന്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
കറന്റ് ബിൽ അടയ്ക്കേണ്ട അതെല്ലാം സർക്കാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ ഉറപ്പിലാണ് പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ടു മറച്ച കുടിലുകളിൽ കണക്ഷൻ നൽകിയത്.
മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉറപ്പു നല്കിയതിനാൽ ഓരോ മാസം വരുന്ന കറന്റ് ബിൽ ആരും അടച്ചില്ല.ഇത്രയും വർഷത്തെ ബിൽ കുടിശിക ഉള്ളപ്പോൾ ഇതിനു മുന്നേ കറന്റ് കണക്ഷൻ ഇല്ലാതാക്കാമായിരുന്നില്ലേ എന്നാണ് കോളനിക്കാർ ചോദിക്കുന്നത്.
എന്തിനാണ് ഇത്രയും വർഷങ്ങൾ കറന്റ് നല്കി കാത്തിരുന്നു എന്ന ചോദ്യവും പ്രസക്തമാണ്. എല്ലാ വീടുകളിലും കറന്റ് എത്തിച്ചു എന്ന് കണക്കുണ്ടാക്കാൻ വൈദ്യുതി എത്തിച്ച് പിന്നീട് തങ്ങൾക്ക് ബാധ്യതയാക്കുന്ന വികസനം വേണ്ടായിരുന്നെന്നാണ് കോളനിക്കാർ പറയുന്നത്.
34 വീട്ടുകാർക്കാണ് ഭീമമായ കുടിശികയുള്ള ബിൽ വന്നിട്ടുള്ളത്. കോളനിയിൽ ഇപ്പോൾ പുതിയ വീടുകൾ നിർമിച്ച് വയറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
എന്നാൽ പഴയ കുടിശിക മുഴുവൻ അടച്ചാൽ മാത്രമെ പുതിയ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ നൽകു എന്നാണ് അധികൃതർ പറയുന്നത്.
വന വിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്ന തങ്ങൾക്ക് ഇത്രയും തുക അടച്ചുള്ള വെളിച്ചം വേണ്ടെന്നാണ് കോളനിക്കാർ പറയുന്നത്.