കാഞ്ഞിരപ്പള്ളി: വൈദ്യുതി മുടക്കത്തിനു പരിഹാരമാകുമെന്നു പറഞ്ഞ് എബിസി കേബിൾ സ്ഥാപിച്ചു.
ഒടുവിൽ വൈദ്യുതി മുടക്കംകൊണ്ടു പൊറുതിമുട്ടി നാട്ടുകാർ. കാഞ്ഞിരപ്പള്ളി ടൗണിൽ രണ്ടു ദിവസങ്ങളിലായുണ്ടായ വൈദ്യുതി മുടക്കമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
എബിസി കേബിളുകളിലുണ്ടാകുന്ന തകരാർ കണ്ടുപിടിക്കാനുള്ള കാലതാമസമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നതിനു കാരണമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പറയുന്നത്.
രണ്ടു ദിവസവും ടൗണിൽ പൂർണമായും വൈദ്യുതി മുടങ്ങിയ അവസ്ഥയായിരുന്നു. ഇടയ്ക്കിടെ വൈദ്യുതി വന്നുംപോയും നിന്നു. ഇതുമൂലം ടൗണിലെ വ്യാപാര സ്ഥാപനങ്ങളടക്കം പ്രതിസന്ധിയിലായി.
ഞായറാഴ്ച മുടങ്ങിയ വൈദ്യുതി രാത്രി വൈകിയാണ് പുനഃസ്ഥാപിച്ചത്. ഇന്നലെയും ഇതേ അവസ്ഥയായിരുന്നു.
ഇതേത്തുടർന്ന് കോൾഡ് സ്റ്റോറേജുകളിലെയും ബേക്കറികളിലെയും അടക്കം ഉത്പന്നങ്ങൾ ഉപയോഗ ശൂന്യമായതായും പരാതിയുണ്ട്. ഓഫീസുകളുടെ പ്രവർത്തനത്തെയും വൈദ്യുതിമുടക്കം സാരമായി ബാധിച്ചു.
കടുത്ത ചൂടിനൊപ്പമുണ്ടായ വൈദ്യുതി മുടക്കം ജനങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.
തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന പേരിലാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽനിന്ന് ഏഴു കിലോമീറ്റർ ചുറ്റളവിൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് 110 കെവി വൈദ്യുതി പോസ്റ്റുകൾ വഴി കേബിൾ വലിച്ചിട്ടുളളത്.