നെടുമങ്ങാട്: കൊലപാതക കേസിലെ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ആറാംകല്ല് സ്വദേശിയായ സുധീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കരകുളം തറട്ടനിലമിൽ താമസിക്കുന്ന അഭിലാഷ് (മൂങ്ങ അഭിലാഷ്, 41)നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കരകുളം ആറാം കല്ലിൽ ജംഗ്ഷനിൽവച്ച് 2011ൽ ശ്യാം, പ്രവീൺ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രിൻസ്, മണിച്ചൻ എന്നിവർക്ക് എതിരായി കോടതിയിൽ വിചാരണ സമയം മൊഴി നൽകിയാൽ സാക്ഷിയായ സുധീഷിനെ കൊല്ലുമെന്ന് അഭിലാഷ് ഭീഷണിപ്പെടുത്തുകയായിരുന്നു.
അഭിലാഷ് കരകുളം ഭാഗത്ത് ഉള്ളതായി ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൾഫിക്കർ, അരുവിക്കര സിഐ എസ്. ഷിബുകുമാർ, ഇൻസ്പെക്ടർ കിരൺ ശ്യാം, ആദർശ്, അരവിന്ദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.