കൊച്ചി: യുവനടിയെ പീഡിപ്പിച്ചതിന് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലും നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം.
പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന നടനെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നു.
അതേസമയം താരസംഘടനയുടെ എക്സിക്യൂട്ട് അംഗം കൂടിയായ ആരോപണ വിധേയനെതിരെ ‘അമ്മ’ നടപടി വൈകുന്നതിലും ആക്ഷേപമുണ്ട്. സംഘടനയുടെ ഭാരവാഹികള്‍ ആരും ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.
നിലവില്‍ സിനിമ മേഖലയില്‍നിന്ന് നടി റിമ കല്ലിങ്കല്‍ മാത്രമാണ് നടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യുസിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടിക്ക് നീക്കം തുടങ്ങിയതായാണ് വിവരം. നേരത്തെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് നടന് ദിലീപിനെതിരെ പോലീസ് നടപടി സ്വീകരിച്ചപ്പോള്‍ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കിയിരുന്നു.
ഈ വിഷയത്തിലും വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായാല്‍ അംഗത്വത്തില്‍നിന്ന് നീക്കുന്ന കാര്യങ്ങലിലേക്കടക്കം സംഘന കടന്നേക്കും.
അമ്മയിലെ ഒരുവിഭാഗം വനിത താരങ്ങള്‍ ഇതിനോടകം നടപടി വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയതായും വിവരമുണ്ട്.