ആലുവ: തായിക്കാട്ടുകരയിൽ വ്യാഴാഴ്ച ട്രെയിൻതട്ടി മരിച്ച വീട്ടമ്മയും പെരിയാറിൽ ചാടി മരിച്ച യുവാവും അയൽവാസികളാണെന്നു തിരിച്ചറിഞ്ഞു. കുഴിവേലിപ്പടി പുത്തൻവീട്ടിൽ മഞ്ജു (42), പുക്കാട്ടുപടി താഴത്ത് ശ്രീകാന്ത് (39) എന്നിവരാണ് മരിച്ചത്.
മഞ്ജുവിനെ തായിക്കാട്ടുകര ലെവൽ ക്രോസിന് സമീപം വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ സംഭവം നടന്ന് അര മണിക്കൂറിനുശേഷം ശ്രീകാന്ത് മാർത്താണ്ഡവർമ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
ഇന്നലെ രാവിലെ കുഞ്ഞുണ്ണിക്കരയിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്താലാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്.
ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു നൊച്ചിമയിലെ ഒരു കമ്പനിയിൽ ജോലിക്കാരിയാണ്. മൂന്ന് മാസം മുമ്പാണ് ശ്രീകാന്ത് ഇവരുടെ വീട്ടിനടുത്ത് വാടകയ്ക്ക് താമസമാരംഭിച്ചത്.
ഇവർ പിന്നീട് തമ്മിൽ അടുപ്പത്തിലായെന്നു പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം മഞ്ജുവിന്റെ വീട്ടിൽ അറിഞ്ഞു. ഇതേതുടർന്ന് ശ്രീകാന്തിനെ മഞ്ജു ആലുവയിലേക്ക് വിളിച്ചുവരുത്തി.
ഇരുവരും സംസാരിക്കുന്നതിനിടെ മഞ്ജു റെയിൽ പാളത്തിലേക്ക് ഓടുകയും ട്രെയിൻ തട്ടി മരിക്കുകയുമായിരുന്നെന്നാണ് കരുതുന്നത്.
ഈ വിഷമത്തിലാണ് ശ്രീകാന്ത് പുഴയിൽ ചാടിയതെന്നും പോലീസ് കരുതുന്നു.മഞ്ജുവിന്റേതെന്നു കരുതുന്ന സ്കൂട്ടറിന്റെ താക്കോൽ യുവാവ് പുഴയിലേക്ക് ചാടിയ പാലത്തിന് സമീപത്തുനിന്നു കണ്ടെത്തി.
ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.