തൊടുപുഴ: ആതുര ശുശ്രൂഷാ രംഗത്ത് സേവനത്തിന്റെ മാതൃകയായി മാറിയ മലയാളി നഴ്സ് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്.
ദുബായ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിനുള്ള ആഗോള മൽസരത്തിൽ 184 രാജ്യങ്ങളിലെ 24,000 അപേക്ഷകരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട അവസാനത്തെ പത്തുപേരിലാണ് കരിമണ്ണൂർ മുളപ്പുറം സ്വദേശിനി ഡോ. മഞ്ജു ദണ്ഡപാണി നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മറ്റു മൂന്നു മലയാളികളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ ഇരിങ്ങാലക്കുട സ്വദേശി ലിൻസി ജോസഫും ഉൾപ്പെടും.
മൽസരത്തിൽ ഒന്നാം സ്ഥാനം നേടുന്ന നഴ്സിന് രണ്ടരലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനത്തുക.
നഴ്സിംഗ് രംഗത്ത് വിവിധ തലങ്ങളിൽ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.
ദീപിക മുൻ ഏജന്റ് മുളപ്പുറം ഉള്ളാട്ടിൽ യു.എം. സെബാസ്റ്റ്യൻ-ആനി ദന്പതികളുടെ മകളാണ് മഞ്ജു.
ഏപ്രിൽ 26 മുതൽ മേയ് ആറുവരെ ലഭിക്കുന്ന ഓണ്‍ലൈൻ വോട്ടിംഗിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. അന്താരാഷ്ട്ര നഴ്സിംഗ് ദിനമായ മേയ് 12നാണ് ജേതാവിനെ പ്രഖ്യാപിക്കുന്നത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്നു ബിഎസ്സി, എംഎസ്സി നഴ്സിംഗ് പാസായ മഞ്ജു ന്യൂറോ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ന്യൂറോസയൻസ് സെക്രട്ടറിയാണ്. നിലവിൽ ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ അസോസിയേറ്റ് ലക്ചററായി പ്രവർത്തിച്ചുവരികയാണ്.