നെടുങ്കണ്ടം: ഗുരുതരമായ ഛർദിയും തളർച്ചയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതുവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.
ഛർദിക്കുന്നതിനിടെ കുട്ടിയുടെ ശ്വാസകോശത്തിൽ ഭക്ഷണാവശിഷ്ടം കുടുങ്ങിയതാണ് മരണകാരമെന്നാണ് പ്രാഥമിക നിഗമനം.
പാറത്തോട് കോളനി സ്വദേശികളായ കാർത്തികിന്റെയും ദുർഗാദേവിയുടെയും മകൻ സന്തോഷ്കുമാർ ആണ് ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വെള്ളിയാഴ്ച രാത്രി കുട്ടി പൊറോട്ട കഴിച്ചിരുന്നു. ഇതിന് ശേഷം കുട്ടിയുടെ വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദിക്കുകയും ചെയ്തു.
ഇന്നലെ പുലർച്ചെയായിട്ടും ഛർദി കുറയാതിരുന്നതോടെ കുട്ടിയെ രാവിലെ ആറോടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ വയർ വീർത്ത നിലയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതോടെ കുട്ടിയുടെ വയറുവേദന കുറഞ്ഞു. എന്നാൽ രാവിലെ 10.30തോടെ കുട്ടിയുടെ രക്തസമ്മർദം കുറയുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉടുന്പൻചോല പോലീസ് സ്ഥലത്തെത്തിയിരുന്നു. അപസ്മാര രോഗം ഉണ്ടായിരുന്ന കുട്ടി ദീർഘനാളായി ചികിത്സയിലായിരുന്നു.
മരണത്തിൽ ബന്ധുക്കൾക്ക് പരാതിയോ സംശയമോ ഇല്ലാതിരുന്നതിനാൽ മൃതദേഹം വിട്ടുനൽകിയിരുന്നു.
മൃതദേഹം പാറത്തോട്ടിലെ വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അരംഭിച്ചു.
ഇതിനിടെ മൃതദേഹത്തിൽ നിന്നും മൂത്രം പോവുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ ബന്ധുക്കൾ മൃതദേഹം ഉടുന്പൻചോലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രാവിലെ തന്നെ കുട്ടിയുടെ മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.
മരണകാരണത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഉടുന്പൻചോല പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ഉടുന്പൻചോല സിഐ ഫിലിപ്പ് സാം പറഞ്ഞു. മരിച്ച സന്തോഷ്കുമാർ ഉടുന്പൻചോല കല്ലുപാലം വിജയമാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സപർണ ഏക സഹോദരിയാണ്.