ഇത് പഴയ അടൂരല്ല… “പിന്നെയും’ റിവ്യു

movieവി.ശ്രീകാന്ത്

കുതിച്ചു ചാടുന്ന കാലത്തെ പിടിച്ചിരുത്താനുള്ള ശ്രമമാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും. നിശബ്ദതയെ പോലും വാചാലമാക്കാമെന്നു കാട്ടിത്തന്ന സംവിധായകന്റെ ഈ ശ്രമം അത്ര കണ്ട് വിജയിച്ചില്ലായെന്നു പറയേണ്ടി വരും. ഇതൊരു സംവിധായകന്റെ വിട്ടുമാറാത്ത പിടിവാശിക്കുള്ളില്‍ നിന്നുണ്ടായ സിനിമയാണ്. പുതുമകള്‍ അവകാശപ്പെടാനില്ലെന്നല്ലാ മറിച്ച് കാലത്തിന് അനുസരിച്ച് സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായിട്ടും സഞ്ചരിക്കാന്‍ മടി കാട്ടുന്ന മനസിന്റെ ആവിഷ്കാരമാണ് പിന്നെയും. പക്ഷേ പലരും മറവിയിലേക്ക് തള്ളിയിട്ട ഒരു യഥാര്‍ഥ സംഭവത്തെ തന്റെ ചിത്രത്തിലൂടെ പൊടിതട്ടിയെടുത്തിരിക്കുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇവിടെ.
കേരളക്കരയാകെ ഇന്നും നടുക്കത്തോടെ ഓര്‍ക്കുന്ന സുകുമാര കുറുപ്പ് തിരോധാനത്തിന്റെ കഥാംശം കടമെടുത്ത് അതില്‍ പ്രണയത്തിന്റെ നൂലിഴകള്‍ കൂടി തുന്നി ചേര്‍ത്ത് കഥപറയാന്‍ ശ്രമിക്കുകയാണ്. പലരും മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ചിലതിനെ തട്ടി ഉണര്‍ത്താനുള്ള ശ്രമമാണോ ഇതെന്നും തോന്നിയേക്കാം.

നാട്ടിന്‍പുറത്തിന്റെ നന്മയും അവിടുത്തെ രീതികളുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്‍ അതു ചിത്രീകരിക്കുമ്പോഴുണ്ടാകുന്ന തനിമ ആവോളം ചിത്രത്തില്‍ നിഴലിക്കുന്നുണ്ട്. അധ്യാപകന്‍ പറയുന്നത് അക്ഷരംപ്രതി പകര്‍ത്തിവെയ്ക്കുന്ന നല്ല കുട്ടികളായി ദീലീപും കാവ്യമാധവനും ചിത്രത്തില്‍ നല്ല പോലെ അഭിനയിച്ചു. ദിലീപ് – കാവ്യമാധവന്‍ ജോഡിയെ നീണ്ട ഇടവേളയ്ക്കുശേഷം പ്രേക്ഷകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ അടൂരിന് കഴിഞ്ഞത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. മികച്ച ഒരു വേഷം കിട്ടാനുള്ള കാവ്യയുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. ചിത്രത്തിലെ ദേവി എന്ന കഥാപാത്രം കാവ്യമാധവന്റെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവാകുമെന്ന് ഉറപ്പ്. സ്വന്തം ശബ്ദത്തില്‍ തന്നെ ദേവിയായി വെള്ളിത്തിരയില്‍ പകര്‍ന്നാടിയപ്പോള്‍ ഇടയ്ക്ക് എവിടെയോ പോയി മറഞ്ഞ കാവ്യയിലെ അഭിനേത്രിയെ വീണ്ടും സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. പുരുഷോത്തമന്‍ നായരുടെ(ദിലീപ്) ഭാര്യയായി കാവ്യ ചിത്രത്തില്‍ മികവാര്‍ന്ന പ്രകടനം തന്നെയാണ് നടത്തിയത്.

പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രം ദിലീപില്‍ ഭദ്രമായിരുന്നു. തൊഴില്‍ ഇല്ലാത്തവന് നാട്ടിലുള്ള വിലയും നല്ല തൊഴില്‍ ലഭിച്ചാല്‍ പിന്നെ ഉണ്ടാകുന്ന നാട്ടുകാരുടെ മനോഭാവങ്ങളിലെ മാറ്റവുമെല്ലാം പുരുഷോത്തമന്‍ നായരിലൂടെ ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. ജീവിതത്തില്‍ സുരക്ഷിതനാകാന്‍ ആത്യാഗ്രഹത്തെ കൂട്ടു പിടിക്കുന്ന മനുഷ്യമനസിനെ ശാസിച്ചിട്ട് കാര്യമില്ലെന്ന് തന്റെ പന്ത്രണ്ടാമത്തെ ചിത്രത്തിലൂടെ അടൂര്‍ പറയുന്നു.

മുമ്പില്‍ നടന്നു കൊണ്ടിരിക്കുന്നത് യാഥാര്‍ഥ്യമാണോ സ്വപ്‌നമാണോ എന്നറിയാതെ കാലം കഴിച്ചുകൂട്ടുന്ന കുട്ടന്‍ എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നുണ്ട്. മനുഷ്യമനസുകളുടെ സഞ്ചാരത്തിന് ചാഞ്ചാട്ടം ഉണ്ടാകാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്ന് ചിത്രത്തില്‍ പപ്പുപിള്ള(നെടുമുടി വേണു)യിലൂടെയും വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയും കാട്ടിത്തരുമ്പോള്‍ എത്ര വിദ്യാസമ്പന്നനും ഒരു നിമിഷം മതി തിന്മയിലേക്ക് കൂപ്പുകുത്താനെന്നു ചിത്രം കാട്ടിത്തരുന്നു. ആദ്യ പകുതിയിലെ മെല്ലേപ്പോക്ക് രണ്ടാം പകുതിയില്‍ തുടരാന്‍ സംവിധായകന്‍ അനുവദിക്കാതിരിക്കുന്നിടത്ത് ചിത്രത്തിന് ഒരല്പം വേഗം കൂട്ടുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതിയില്‍ രൂപവും ഭാവവും മാറി ശബ്ദത്തില്‍ മാത്രം മാറ്റം ഇല്ലാത്ത പുരുഷോത്തമന്‍ നായരോട് പ്രണയം സൂക്ഷിക്കുന്ന ദേവിയുടെ ഭാവമാറ്റങ്ങള്‍ ചിത്രത്തിന്റെ പകിട്ട് കൂട്ടുന്നുണ്ട്.  ഇതിനെല്ലാം അനുയോജ്യമായ രീതിയില്‍ എം.ജെ രാധാകൃഷ്ണന്‍ കാമറയും ബിജിപാല്‍ പശ്ചാത്തല സംഗീതം കൂടി ഒരുക്കിയതോടെ അടൂര്‍ ചിത്രത്തിന് പതിവില്ലാത്തൊരു വേഗത കടന്നു വന്നോയെന്ന് തോന്നി പോകും. ശ്രിന്ദ, കെപ്എസി ലളിത,നന്ദു, അക്ഷര കിഷോര്‍, മീര നല്ലൂര്‍ ഇങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പുരുഷോത്തമന്‍ നായരും ദേവിയും തന്നെയാണ് പ്രേക്ഷകമനസിലേക്ക് ഇറങ്ങി ചെല്ലുന്നത്.
ഒരു യഥാര്‍ഥ സംഭവത്തെ തന്റെ കഥാരീതിയുമായി കൂട്ടിയിണക്കിയപ്പോഴുണ്ടായ ചെറിയ പാളിച്ചകളും അവയെ കൂട്ടിമുട്ടിക്കുന്നതിലുണ്ടായ താമസവും ചിത്രത്തെ പ്രേക്ഷകരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തില്‍ സംഭാഷണങ്ങളില്‍ നിഴലിക്കുന്ന നാടകീയത പ്രേക്ഷകരെ നിരാശയിലേക്ക് തള്ളിയിട്ടെങ്കിലും കഥാഗതി പുരോഗമിക്കവേ അതിന് മാറ്റങ്ങളും ഉണ്ടായി. കത്തിലൂടെയും സംഭാഷണങ്ങളിലൂടെയും കാലത്തെ കടത്തിവിടാനുള്ള തന്ത്രം അതിവിദഗ്ധമായി ചിത്രത്തില്‍ സംയോജിപ്പിച്ച് അടൂര്‍ പ്രേക്ഷക പ്രീതി നേടി. പക്ഷേ ചിത്രത്തിലേക്ക് വീണ്ടും  നാടകീയ സംഭാഷണങ്ങള്‍ കടന്നുകയറ്റം ഉണ്ടായതോടെ ഒരു മുശിപ്പോടെ മാത്രമേ തിയറ്റര്‍ വിടാന്‍ സാധിക്കൂ.

(അനന്തരവും എലിപ്പത്തായവും സൃഷ്ടിച്ച അടൂരിനെ മനസില്‍ കണ്ടുകൊണ്ട് ഈ സിനിമയ്ക്ക് കയറിയാല്‍ ഒരുപക്ഷേ നിരാശപ്പെട്ടേക്കാം.)

Related posts