അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസം വിതരണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. പ്രതിഷേധ പ്രാർഥനായജ്ഞം സംഘടിപ്പിച്ച് ഭക്തജനക്കൂട്ടായ്മ.
ഒരുദിവസം 135 ലിറ്റർ പാൽപ്പായസമുണ്ടാക്കി ഭക്തർക്ക് വിതരണം ചെയ്യാനാണ് ദേവസ്വം ബോർഡ് നൽകിയിരിക്കുന്ന നിർദേശം.
എന്നാൽ, ഈ നിർദേശത്തിനു വിപരീതമായി 300 ഓളം ലിറ്റർ പാൽപ്പായസമുണ്ടാക്കി അനധികൃത വിൽപ്പനയിലുടെ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ദിവസവും പണം തട്ടുകയാണെന്നാണ് ഭക്തജനക്കൂട്ടായ്മയുടെ ആരോപണം.
ഒരു ലിറ്റർ പാൽപ്പായസത്തിന് 160 രൂപയാണ് വില. എന്നാൽ രസീതില്ലാതെ ഇതിന്റെ രണ്ടിരട്ടി വിലയീടാക്കി അനധികൃത വിൽപ്പന നടത്തുകയാണ് ദേവസ്വം ബോർഡെന്നും ഇവർ ആരോപിക്കുന്നു.
കൂടുതൽ നിർമിക്കുമ്പോൾ പാൽപ്പായസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നുവെന്നും ഭക്തർ പറയുന്നു. കൂടാതെ ചുറ്റുവിളക്ക് കത്തിക്കാനായി ദിവസവും വഴിപാടുകാരിൽനിന്ന് 10,500 രൂപ വാങ്ങിയിട്ട് ഉപയോഗിച്ച എണ്ണ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും ഇതിലും ക്രമക്കേട് കാട്ടുന്നുവെന്നുമാണ് ഭക്തരുടെ പരാതി.
ചുറ്റുവിളക്കിനായി ഭക്തരിൽനിന്ന് സ്വീകരിക്കുന്ന മുഴുവൻ തുകയ്ക്കും രസീത് നൽകണമെന്നും നിർത്തിവച്ച പ്രസാദമൂട്ടും അത്താഴക്കഞ്ഞി വിതരണവും പുനഃരാരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ക്ഷേത്ര മതിൽക്കെട്ടിനുള്ളിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്ത് അവ സംരക്ഷിക്കണമെന്നും ഭക്തർ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ശ്രീ വാസുദേവ സേവാ സഭയുടെ നേതൃത്വത്തിലാണ് പ്രാർഥനായജ്ഞം സംഘടിപ്പിച്ചത്. പഞ്ചായത്തംഗം സുഷമാ രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു.