സുൽത്താൻ ബത്തേരി: ജനഹൃദയങ്ങളെ കീഴടക്കിയ ബോഗൻവില്ല പൂമരം കനത്ത കാറ്റിലും മഴയിലും നിലംപതിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
ട്രാഫിക് ജംഗ്ഷനിൽ പൂക്കൾ നിറഞ്ഞുനിന്ന് ഒരു വലിയ കുടപോലെ ടൗണിലെത്തുന്ന ആസ്വാദകർക്ക് അപൂർവ കാഴ്ചയായി നിലകൊണ്ട പൂമരത്തെയാണ് കാറ്റ് മറിച്ചിട്ടത്.
പൂമരത്തിന് താങ്ങായി നിലകൊണ്ട ഇരുന്പ് പൈപ്പ് ഒടിഞ്ഞുവീണതോടെയാണ് പൂമരം നിലംപതിച്ചത്.
ട്രാഫിക് ജംഗ്ഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും മറ്റും തണലേകാൻ പൂമരം അനുഗ്രഹമായിരുന്നു. ചെടികളാലും പൂക്കളാലും സൗന്ദര്യവത്കരിക്കപ്പെട്ട നഗരത്തിന്റെ മുഖഛായയായിരുന്നു ബോഗൻവില്ല.
ബത്തേരി നഗരത്തിലൂടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കേരളത്തിലേക്കും യാത്രചെയ്യുന്ന യാത്രക്കാർ ഈ ബോഗൻവില്ലയുടെ ചിത്രം പകർത്തുന്നതും നിത്യ കാഴ്ചയായിരുന്നു.
നഗരസഭയും ബത്തേരി വികസന കൂട്ടായ്മയും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ ബോഗൻവില്ലയെ ജെസിബി ഉപയോഗിച്ച് ഉയർത്തി പൂർവസ്ഥിതിയിലാക്കി.
എന്നാൽ ഇലകളും പൂക്കളും പൂർണമായും കൊഴിഞ്ഞു. ഇനി അധികം വൈകാതെ തന്നെ പൂർവ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.