ചാലക്കുടി: നയനമനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തിയ വിനോദ സഞ്ചാരികൾ ശൂന്യമായ അതിരപ്പിള്ളികണ്ട് നിരാശയോടെ മടങ്ങി.
അവധിദിവസമായതിനാൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് അതിരപ്പിള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ സ്ഥാനത്ത് കരിന്പാറക്കെട്ടുകൾ മാത്രമാണ്. വിനോദ സഞ്ചാരികൾ പാറക്കെട്ടുകളിൽ ഇരുന്നും കാനന സൗന്ദര്യം ആസ്വദിച്ചുമാണ് മടങ്ങിയത്.
കെഎസ്ഇബി വൈദ്യുതി ഉത്പാദനം നിർത്തിവച്ചതോടെ ചാലക്കുടിപ്പുഴയിൽ വെള്ളം കുറഞ്ഞതാണു വെള്ളച്ചാട്ടം നിലയ്ക്കാൻ കാരണം.
വൈദ്യുതി ഉത്പാദനത്തിനുശേഷമാണു വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലെങ്കിലും വെള്ളച്ചാട്ടം കാണാൻ എത്തുന്നവരിൽനിന്നും ഫീസ് പിരിവ് മുടക്കമില്ലാതെ നടത്തുന്നുമുണ്ട്.
ഇത്രയേറെ വിനോദസഞ്ചാരികൾ എത്തുന്ന ദിവസങ്ങളാണെന്ന് അറിഞ്ഞിട്ടും വൈദ്യുതി ഉത്പാദിപ്പിച്ച് പുഴയിലേക്കു വെള്ളം വിട്ട് വെള്ളച്ചാട്ടം നിലനിർത്താൻ കെഎസ്ഇബി കനിയാത്തതിൽ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഏറെ പ്രതിഷേധമുണ്ട്.
വെള്ളച്ചാട്ടം കണ്ടില്ലെങ്കിലും വാഴച്ചാലും മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളും കാനന സൗന്ദര്യവും ആസ്വദിക്കാൻ കഴിഞ്ഞതു വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി.