തൃശൂർ: ഗോവയിൽനിന്നും വില്പനയ്ക്കായി തൃശൂരിലെത്തിച്ച 1800 കിലോ പഴകിയ പുഴുവരിച്ച മത്സ്യം പോലീസും ആരോഗ്യവകുപ്പും ചേർന്നു പിടികൂടി.
ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പോലീസിനെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണു മീൻ കൊണ്ടുവന്നിരുന്ന കണ്ടെയ്നർ ലോറി പേരാമംഗലം പൊലീസ് തടഞ്ഞത്.
പഴകിയ മത്സ്യമാണെന്നു സംശയമുയർന്നതിനെതുടർന്ന് കളക്ടറെയും ആരോഗ്യവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്നു കണ്ടെത്തി.
30 കിലോ വീതം നിറച്ച 60 പെട്ടികളിലായിരുന്നു മത്സ്യം. മംഗലാപുരത്തുനിന്നും പത്തു ദിവസം മുന്പ് പുറപ്പെട്ടതായിരുന്നു ലോറി. രണ്ടു തരത്തിലുള്ള മത്സ്യമായിരുന്നു ഉണ്ടായിരുന്നത്.
തൃശൂരിലെ ശക്തൻ മാർക്കറ്റിലും മത്സ്യം ഇറക്കിയിരുന്നുവെന്ന ലോറി ഡ്രൈവറുടെ മൊഴിയനുസരിച്ച് കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി അധികൃതരും പരിശോധന നടത്തി രണ്ടുപെട്ടികൾ പിടിച്ചെടുത്തു.
കുന്നംകുളം മത്സ്യമാർക്കറ്റിലേക്കുള്ളതായിരുന്നു ലോറിയിലുണ്ടായിരുന്ന മത്സ്യങ്ങൾ.
പഴകിയതാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണെന്നും പൂർണമായും നശിപ്പിക്കുന്നതിനു കളക്ടർ നിർദേശിച്ചതനുസരിച്ച് കടങ്ങോട് പഞ്ചായത്തിലെ മത്സ്യങ്ങൾ വളമാക്കുന്ന യൂണിറ്റിലേക്കു പോലീസ് സഹായത്തോടെ കൈമാറി.