പണ്ടു മുതല്‍ക്കെയുള്ള ഒരു ചര്‍ച്ചാ വിഷയമാണ് സിനിമയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യവേതനം എന്നത്. ഇതൊരു കീറാമുട്ടിയായി അവശേഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ഇപ്പോഴിതാ സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ലക്ഷ്യമിട്ട്് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാകുകയാണ്.
സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ പരിഗണന നല്‍കണം.
തുല്യ വേതനം നല്‍കണം, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിര്‍ദേശങ്ങള്‍. സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിര്‍ദേശിക്കുന്നു.
സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയില്‍ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളില്‍ സഹകരിപ്പിക്കരുത് തുടങ്ങിയവവും നിര്‍ദേശങ്ങളിലുണ്ട്.
5000 പേജുള്ള റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സാംസ്കാരികവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവര്‍ തയാറാക്കിയ നിര്‍ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.