അലഹബാദ്: സുബോധമുള്ള ഒരു ഇന്ത്യൻ സ്ത്രീയും തന്‍റെ ഭർത്താവിനെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി.
രണ്ടാമത്തെ ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണകുറ്റം നേരിടുന്ന യുവാവിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വാരാണസിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് യുവാവ് ഹൈക്കോടതിയിൽ എത്തിയത്.
കേസ് ഒഴിവാക്കി തന്നെ വെറുതെ വിടണമെന്നായിരുന്നു വാരാണസി സ്വദേശിയായ സുശീൽ കുമാറിന്‍റെ ആവശ്യം. എന്നാൽ, ഈ അപേക്ഷ ജസ്റ്റീസ് രാഹുൽ ചതുർവേദി നിരസിച്ചു.
ഒരു ഇന്ത്യൻ സ്ത്രീയും തന്‍റെ ഭർത്താവിനെ പങ്കിടാൻ ആഗ്രഹിക്കുന്നില്ല. തന്‍റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ജീവിതം പങ്കിടുന്നു അല്ലെങ്കിൽ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ഏതൊരു സ്ത്രീയെയും ഞെട്ടിക്കും.
ഇത്തരം ദുർഘട സാഹചര്യത്തിൽ അവർ വിവേകപൂർവം പ്രവർത്തിക്കണമെന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുശീൽ കുമാർ ആദ്യമൊരു വിവാഹം കഴിച്ചു. അതു മറച്ചുവച്ചുകൊണ്ട് രണ്ടാമതൊരു സ്ത്രീയെക്കൂടി വിവാഹം ചെയ്തു.
ഇതിനു ശേഷം ഇയാൾ മൂന്നാമതൊരു യുവതിയെക്കൂടി വിവാഹം ചെയ്യാനൊരുങ്ങി.
ഈ വിവരം അറിഞ്ഞതോടെയാണ് രണ്ടാം ഭാര്യ ജീവനൊടുക്കിയത്. 2018 സെപ്റ്റംബറിലാണ് അവർ മരിച്ചത്.
സുശീൽ കുമാറുമായുള്ള വിവാഹശേഷം തനിക്ക് ഏറെ പീഡനങ്ങളും മറ്റും ഏൽക്കേണ്ടി വന്നു എന്നു യുവതി മരണത്തിനു മുന്പ് വെളിപ്പെടുത്തിയിരുന്നു.