മണ്ണുത്തി: വെറ്ററിനറി കോളജിൽ മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനെ അടിയന്തരമായി സിസേറിയനു വിധേയമാക്കി.
മൃഗങ്ങളെ വളർത്താൻ ലൈസൻസുള്ള കുന്നംകുളം സ്വദേശിയുടെ മൂന്നു വയസുള്ള കുരങ്ങിനായിരുന്നു സിസേറിയൻ.
പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളോടെ എത്തിച്ച കുരങ്ങിനെ അൾട്രാ സൗണ്ട് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ മൂന്ന് കുഞ്ഞുങ്ങളും ജിവനില്ലാത്തനിലയിലായിരുന്നു.
സാധാരണ പ്രസവിപ്പിക്കാൻ വേണ്ട മരുന്നുകൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അമ്മയുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ വന്നതോടെ അനസ്തേഷ്യ നൽകി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു.
അമ്മക്കുരങ്ങ് അപകടനില തരണം ചെയ്തതായി ഡോക്ടർ പറഞ്ഞു. ഒപ്പറേഷന് അനിമൽ റിപ്രോഡക്ഷൻ വിഭാഗം മേധാവി ഡോ. സി. ജയകുമാർ, ഡോ. ഹിരണ്‍ എം.ഹർഷൻ, ഡോ. മാഗ്നസ് പോൾ എന്നിവരാണ് നേതൃത്വം നല്‍കിയത്.