കോൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെള്ളിയാഴ്ചത്തെ അത്താഴം ബിസിസിഐ അധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വീട്ടിലായിരിക്കും.
പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും.
പശ്ചിമ ബംഗാളിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ബിജെപി ബംഗാളി സ്വത്വവും ജനപ്രീതിയുമുള്ള ഒരു വ്യക്തിത്വത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്.
നേരത്തെ, ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബിജെപി കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇത്തരത്തിൽ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
അതേസമയം, ബിജെപി നേതൃത്വം ഇതിനെ സൗഹൃദസന്ദർശനം മാത്രമായാണ് വിശേഷിപ്പിക്കുന്നത്.