തൃശൂർ: പൂരം ദിവസങ്ങളിൽ ആരോഗ്യ സർവകലാശാല നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റണമെന്നു പൂരപ്രേമിസംഘം ആവശ്യപ്പെട്ടു.
10,11 തീയതികളിൽ സർവകലാശാല നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയ്ക്ക് എത്തിച്ചേരാൻ വിദ്യാർഥികൾക്കു പൂരം നിയന്ത്രണങ്ങൾമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പൂരപ്രേമി സംഘം ട്രഷറർ പി.വി. അരുണ്‍ ആരോഗ്യസർവകലാശാല വൈസ് ചാൻസലർക്കു കത്തു നൽകി.
ചമയംകാണാൻ ഗവർണറെത്തും
തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിനു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എത്തും. ചമയപ്രദർശനം കാണാനാണ് ഗവർണറെത്തുക. പൂരം നേരിൽ കാണാനുള്ള സാഹചര്യവും നോക്കുന്നുണ്ട്.
പക്ഷേ, വലിയ സുരക്ഷ ഒരുക്കേണ്ടതിനാൽ ചമയപ്രദർശനം കണ്ടുമടങ്ങാനാണ് സാധ്യത.
പ്രതീക്ഷിക്കുന്നത് ഇതുവരെ കാണാത്ത ജനത്തിരക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തൃശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂർ പൂരം മാറും.
ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിനു പ്രതീക്ഷിക്കുന്നതെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ രാമനിലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കോവിഡ് കാലത്തിനുശേഷം ലോകത്താകമാനം കാണുന്ന “റിവഞ്ച് ടൂറിസം’ എന്ന പ്രവണത തൃശൂർ പൂരത്തിൽ ദൃശ്യമാകും.
കോവിഡാനന്തരം ജനങ്ങൾ വാശിയോടെ പുറത്തിറങ്ങുന്ന പ്രവണതയാണിത്. തൃശൂർ പൂരം കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടിക്കാഴ്ചയിൽ ദേവസ്വം ബോർഡ്, റവന്യൂ, കോർപറേഷൻ, പിഡബ്ല്യൂഡി, കെഎസ്ഇബി പ്രതിനിധികൾ പങ്കെടുത്തു.