കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന് സനല്‍കുമാര്‍ ശശിധരന് മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും അത് നിരസിച്ചപ്പോഴാണ് ശല്യം ചെയ്യല്‍ ആരംഭിച്ചതെന്നും പോലീസ്.
ഇതു വ്യക്തമാക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.
2019 ഓഗസ്റ്റ് മുതല്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെയും ഇ-മെയിലിലൂടെയും ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും ഇത് നിരസിച്ചതിലുള്ള വിരോധമാണ് പിന്തുടര്ന്ന് ശല്യം ചെയ്യാന്‍ കാരണമെന്നുമാണ് മഞ്ജുവാര്യര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലുള്ളത്.
ഇയാളെ പിടികൂടാനായി ഇന്നലെ രാവിലെ രാവിലെ സനല്‍ കുമാറിന്റെ പെരുംകടവിളയിലെ വീട്ടിലെത്തി എളമക്കര പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറശാലയില്‍ ഉണ്ടെന്നു മനസിലാക്കിയ പോലീസ് മഹാദേവര്‍ ക്ഷേത്രത്തിനു സമീപമുള്ള കുടുംബ ക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങവേ പാറശാല പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
പോലീസ് കസ്റ്റഡിയില്‍ അകപ്പെട്ടുവെന്നു മനസിലാക്കിയ സനല്‍ കുമാര്‍ ശശിധരന് ബഹളം വയ്ക്കുകയും തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു.
നാടകീയ രംഗങ്ങളാണ് അവിടെ സൃഷ്ടിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ എറണാകുളം എളമക്കര പോലീസ് സ്റ്റേഷനില്‍ ഇയാളെ എത്തിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സാബുജി പറഞ്ഞു.
മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.
മഞ്ജുവിനെ നായികയാക്കി സനല്‍കുമാര്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മഞ്ജുവിനെ ഇയാള്‍ തുടര്‍ച്ചയായി ഫോണ്വിളിച്ചിതനെത്തുടര്ന്ന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
എങ്കിലും ഇയാള്‍ വാട്സ്ആപ്പിലൂടെയും ഇ-മെയിലിലൂടെയും നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുകയാണുണ്ടായത്. ഇയാളെ നേരിട്ട് വിളിച്ച് നടി താക്കീത് ചെയ്തെങ്കിലും ഇയാള്‍ പിന്മാറാന് കൂട്ടാക്കാത്തിതിനെത്തുടര്ന്നാണ് തെളിവുകള്‍ സഹിതം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
മഞ്ജു വാര്യരെ തട്ടിക്കൊണ്ടുപോയതായി ഇയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതുകണ്ട് അന്യ സംസ്ഥാനത്തുനിന്നുള്ള സിനിമാ പ്രവർത്തകർ അന്വേഷിച്ചു വിളിച്ചിരുന്നെന്നും ഇത് തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും മഞ്ജു പരാതിയിൽ പറഞ്ഞു.
തൊഴിലിനെ ബാധിക്കുന്ന രീതിയിൽ അപകീർപ്പെടുത്തുന്ന പ്രചാരണം ഇയാൾ നടത്തിയിരുന്നെന്നും ഇതിന്റെയെല്ലാം സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.