പൂവാർ : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ഇൻഷ്വറൻസ് തുക നൽകാതിരിക്കാൻ അധികൃതരുടെ നീക്കമെന്ന് പരാതി.
കരുംകുളം കല്ലുമുക്ക് പാലോട്ടുവിള വീട്ടിൽ റെഡിസൺ (46) നുനൽകാനുള്ള നഷ്ടപരിഹാരമാണ് നൂലാമാലകളിൽ കുടുങ്ങിയത്.
2020 ഒാഗസ്റ്റ് മൂന്നിന് രണ്ട് വള്ളങ്ങളിലായി 14 പേരടങ്ങുന്ന സംഘം കരിംകുളത്ത് നിന്നാണ് മീൻപിടിക്കാൻ പുറപ്പെട്ടത്. തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം റെഡിസന്റെ ശരീരത്തിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കുന്നതിന് മുന്പ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ പൂവാർ കോസ്റ്റൽ പോലീസ് കേസെടുത്തിരുന്നു.എന്നാൽ ക്ഷേമനിധി ബോർഡിൽ അംഗമായിരുന്ന മത്സ്യത്തൊഴിലാളിക്ക് അപകട മരണത്തെ തുടർന്നുള്ള ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുള്ള അപേക്ഷ പൂവാർ ക്ഷേമനിധി ബോർഡിൽ നൽകിയെങ്കിലും ഇൻഷ്വറൻസ് കമ്പിനി പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചതിനാൽ റെഡിസന്റെമൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ അധികൃതർ വിട്ടു നൽകുകയായിരുന്നു.
2021 ഡിസംബർ 28ന് മന്ത്രിമാരായ സജി ചെറിയാൻ,ആന്റണിരാജു എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന അദാലത്തിൽ രേഖകൾ പരിശോധിച്ച ശേഷം 10 ദിവസത്തിനകം തുക അനുവദിക്കാമെന്ന് ഇൻഷ്വറൻസ് അധികൃതരും ഉറപ്പ് നൽകുകയായിരുന്നു.
പറഞ്ഞ ദിവസം കഴിഞ്ഞ് തുക കിട്ടാതെ വന്നതോടെ റെഡിസന്റെ കുടുംബം മത്സ്യഫെഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട ങ്കിലും ഇൻഷ്വറൻസ് കമ്പിനി വീണ്ടും ആവശ്യപ്പെട്ടത് പോസ്റ്റുമോർട്ടം റിപ്പോർട്ടാണ്.
ഇതോടൊപ്പം മെഡിക്കൽ കോളജിൽ നിന്നും ചികിത്സാവിവരങ്ങളോ, കോവിഡ് പോസിറ്റീവ് ആണെന്ന സർട്ടിഫിക്കറ്റോ നൽകാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും കുടുംബം പറയുന്നു. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന റെഡിസന്റെ ഭാര്യ ജില്ലാ കളക്ടർക്ക് പരാതി നൽകി.