എല്ലാ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുളള നടി മംമ്തയുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സ്ത്രീകള്‍ക്ക് ‘സ്വയം ഇരയാകല്‍’ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേത് എന്നാണ് മംമ്ത പറഞ്ഞത്. സ്ത്രീകള്‍ എത്രനാള്‍ അക്രമത്തിന്റെയും പീഡനത്തിന്റെയും ഇരയാണെന്ന് പറഞ്ഞ് കൊണ്ട് നടക്കുമെന്നും മംമ്ത ചോദിക്കുന്നു.
ഒരഭിമുഖത്തിലാണ് മംമ്ത മോഹന്‍ദാസിന്റെ പ്രതികരണം. സ്ത്രീയുടെ വസ്ത്രം അവരെന്താണ് എന്നതിനെ നിര്‍ണയിക്കുന്നതാണ് എന്നും മംമ്ത അഭിപ്രായപ്പെട്ടു. ഇതാണിപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.
മംമ്തയുടെ വാക്കുകള്‍ ഇങ്ങനെ… സ്ത്രീകള്‍ക്ക് ഒരു ഗ്രേസ് ഉണ്ട്. അത് മറന്നുപോകരുത്. അത് വിട്ടാല്‍ സ്ത്രീകള്‍ പിന്നെ സ്ത്രീകള്‍ അല്ലാതായിപ്പോകും.
ആ ഗ്രേസും മൃദുലതയുമെല്ലാം സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ എന്തും വിളിച്ച് പറയാമെന്നത് സ്ത്രീ എന്നുളള സൗന്ദര്യത്തെ നശിപ്പിക്കുന്നതാണ്.
ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളെന്താണ് എന്ന് നിശ്ചയിക്കുന്നതില്‍ ധരിക്കുന്ന വേഷത്തിനും പങ്കുണ്ട്. ഒരു ശക്തമായ സാമൂഹിക വിഷയത്തിലോ സ്വകാര്യമായ വിഷയത്തിലോ സംസാരം നടത്തുന്ന വേദിയില്‍ നിങ്ങള്‍ ശരിയായി വേഷം ധരിക്കേണ്ടതുണ്ട്.
കാരണം നിങ്ങള്‍ ധരിച്ചിരിക്കുന്ന വേഷത്തിലേക്കല്ല ആളുകളുടെ ശ്രദ്ധ പോകേണ്ടത് നിങ്ങള്‍ പറയുന്ന വിഷയത്തിലേക്കാണ്. സ്ത്രീകള്‍ അവരുടെ ബുദ്ധി പല കാര്യങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്തുകൊണ്ടാണ് ചില കാര്യങ്ങളില്‍ അത് വിട്ടിട്ട് റിബല്‍ മനോഭാവം ഉപയോഗിക്കുന്നത്. അതില്‍ കാര്യമില്ല. കാരണം നിങ്ങള്‍ക്ക് പറയാനുളളത് എവിടെയുമെത്തില്ല.
സിനിമയില്‍ മാത്രമല്ല, സ്ത്രീകള്‍ എല്ലായിടത്തും തുല്യതയിലേക്ക് മനോഹരമായി നീങ്ങുകയാണ്. ഈ തലമുറയിലെ സ്ത്രീകള്‍ ഒരു മാറ്റത്തിന് തുടക്കമിട്ട് കഴിഞ്ഞിട്ടുണ്ട്. അത് അഭിമാനമുണ്ടാക്കുന്നതാണ്.
തനിക്ക് പ്രിവലേജ് ഉണ്ടെന്നുളള പ്രതികരണങ്ങള്‍ ബാധിക്കാറില്ല. കാരണം പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകും. അവര്‍ക്ക് പരിഗണിക്കപ്പെടുന്നില്ലെന്നുളള ഒരു തോന്നല്‍ അവരെ കുറിച്ച് ഉണ്ടായിരിക്കാം.
അതുകൊണ്ട് തന്നെയാണ് അവര്‍ അവരുടെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്. ഉളളവരെ ആക്രമിക്കുന്നതും ഇല്ലാത്തവരെ കൂട്ടമായി ചേര്‍ത്ത് പിടിക്കുന്നതുമൊക്കെ അതാണ്.
അവരുടെ ദുരിതം എനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ ജനിച്ചത് സാമ്പത്തികമായി സുരക്ഷിതമായ ഒരു കുടുംബത്തിലാണ്. കുടുംബമാണ് എന്റെ കരുത്ത്.
അതില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളേയും മറികടക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. എന്നാല്‍ അത് താന്‍ പ്രിവിലേജ്ഡ് ആണ് എന്നുളള ഒരു തലക്കനമോ ഈഗോ ചിന്താഗതിയോ ഒന്നും എനിക്ക് തന്നിട്ടില്ല.
പ്രിവിലേജ്ഡ് ആണ് എന്ന് തന്നെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പ്രശ്നം വരുന്നത് ഞാന്‍ കടന്ന് പോയ പ്രതിസന്ധികളിലൊന്നും സ്വയം ഒരു ഇരയായി കാണിച്ചിട്ടില്ല എന്നയിടത്താണ്.
സ്വയം ഇരയായി കാണിക്കാന്‍ ഭയങ്കര താല്പര്യമുള്ളൊരു നാടാണ് നമ്മുടേത്. സ്വയം ഇരവത്ക്കരിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
എത്രകാലമാണ് സ്ത്രീകള്‍ ഒരേ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കുക. താന്‍ അക്രമത്തിന്റെ ഇരയാണ്, പീഡനത്തിന്റെ ഇരയാണ്, പെണ്ണായത് കൊണ്ട് ലിംഗ വ്യത്യാസത്തിന്റെ ഇരയാണ് എന്നൊക്കെ എത്രനാള്‍ പറയാനാകും.
നിങ്ങള്‍ മുന്നോട്ട് കാല് വയ്ക്കുകയാണ് വേണ്ടത്. മാതൃക സൃഷ്ടിച്ച് അഭിമാനത്തോടെ ജീവിക്കുകയാണ് വേണ്ടത്. ഇന്ന് വീടുകളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് അനുഭവിക്കുന്നവരാണ്.
പെണ്‍കുട്ടികള്‍ അമിത ആത്മവിശ്വാസമുളളവരായി. 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുന്ന ശക്തിയാകുമോ എന്നതാണ് ചോദ്യം.
ഒരുപാട് കാലത്തെ അടിച്ചമര്‍ത്തലിന് ശേഷം സ്ത്രീകള്‍ക്ക് വളരാനൊരു വാതില്‍ തുറന്ന് കൊടുക്കുമ്പോള്‍ അതില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കും. അപ്പോള്‍ പുരുഷന്മാരെ തകര്‍ക്കാനുളള അവസരായി അതിനെ സ്ത്രീകള്‍ കാണുമോ എന്നതാണ്.
അതിപ്പോള്‍ സംഭവിക്കുന്നുണ്ട്. ഡിവോഴ്സ് നേടി പോകുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ തകര്‍ക്കുന്ന തരത്തിലുളള സംഭവങ്ങള്‍ നടക്കുന്നുണ്ട്.
പുരുഷന്മാരെ സമാധാനത്തില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സ്ത്രീകള്‍ സമ്മതിക്കുന്നില്ല എന്നുളള അവസ്ഥയുമുണ്ട് – മംമ്ത അഭിമുഖത്തില്‍ പറഞ്ഞു.
മംമ്തയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അഭിമുഖത്തിലെ മംമ്തയുടെ ചില പരാമര്‍ശങ്ങള്‍ വിവാദത്തിലായിരിക്കുകയാണ്.