ഹൈദരാബാദില്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്റെ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ സുല്‍ത്താന.
തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. മാസങ്ങള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ തെലങ്കാന ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നാഗരാജുവിന്റെ വീട്ടില്‍ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് സുല്‍ത്താന.
ഏക ആശ്രയമായിരുന്ന മകനെ നഷ്ടമായതിന്റെ വേദനയിലാണ് നാഗരാജുവിന്റെ അമ്മ. സുല്‍ത്താനയുടെ സഹോദരന് സയ്ദ് അഹമ്മദും ബന്ധുക്കളും ചേര്‍ന്നാണ് നാഗരാജിനെ പൊതുമധ്യത്തില്‍ വെട്ടികൊലപ്പെടുത്തിയത്.
സയ്ദ് അഹമ്മദും ബന്ധു മസൂദ് അഹമ്മദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും കൊലപാതത്തിന് ആസൂത്രണം നടത്തിയ ബന്ധുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുല്‍ത്താന ആവശ്യപ്പെട്ടു.
പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ പദ്ധതിയിട്ടിരുന്നു, ഇതിന് ഒടുവിലാണ് നാഗരാജുവിനെ കൊലപ്പെടുത്തിയതെന്നും സുല്‍ത്താന പറഞ്ഞു.
നാഗരാജുവിന്റെ അമ്മയേയും നേരത്തെ സുല്‍ത്താനയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ദാരുണകൊലപാതകത്തില്‍ ഗവര്‍ണര്‍ തമിഴ്സൈ സൗന്ദരരാജനും പട്ടികജാതി കമ്മീഷന് തെലങ്കാന സര്‍ക്കാരിനോട് വിശദീകരണം തേടി.
സംഭവത്തില്‍ യുവതിയുടെ സഹോദരന് അടക്കം രണ്ട് പേര് കൂടി ഇന്നലെ പിടിയിലായിരുന്നു.
ദളിത് യുവാവിനെ സഹോദരി വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു.
മനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് സരോനഗറില്‍ നിന്ന് പുറത്ത് വരുന്നത്. പൊതുമധ്യത്തില്‍ സ്കൂട്ടറില്‍ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി.
ഭാര്യ സയ്ദ് സുല്‍ത്താന കാലില്‍ വീണ് അപേക്ഷിച്ചിട്ടും അക്രമികള്‍ പിന്മാറിയില്ല. വടിവാളുമായി സുല്‍ത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല.
കൊലപാതകം ഫോണില്‍ ചിത്രീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു പൊതുജനം. ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുല്‍ത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല.
45 മിനിറ്റ് കഴിഞ്ഞാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ജനങ്ങള്‍ ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ നാഗരാജിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സുല്‍ത്താനയ്ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന നാഗരാജിനെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയത്.
സംഭവ ശേഷം ഒളിവിലായിരുന്ന സുല്‍ത്താനയുടെ സഹോദരന് സയ്ദ് അഹമ്മദ്, ബന്ധു മസൂദ് അഹമ്മദ് എന്നിവര്‍ കൂടി പിടിയിലായി.
ഇതോടെ, സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.
സുല്‍ത്താനയുടെ വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാഖപട്ടണത്ത് മാറി താമസിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാഗരാജിന്റെ വീട്ടിലേക്ക് മടങ്ങിവന്നത്.