പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന കെ – സ്വിഫ്റ്റ് സര്‍വീസ് വൈകിയതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഡ്രൈവര്‍മാരെ ഒഴിവാക്കും. മുന്നറിയിപ്പില്ലാതെയാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആറിന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സര്‍വീസാണ് വൈകിയത്. യാത്രക്കാരുടെ പ്രതിഷേധവും സമ്മര്‍ദവും കാരണം രാത്രി 9.30നു സര്‍വീസ് പുറപ്പെട്ടു.
ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ പ്രകോപിതരായി മുഴുവന്‍ ബസുകളും ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടിരുന്നു. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സര്‍വീസ് വൈകാന്‍ കാരണമായത്.
അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ അധികൃതര്‍ വിളിച്ചു നോക്കിയെങ്കിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫായിരുന്നു.
നാലിന് ഇവര്‍ ഡ്യൂട്ടിയില്‍ കയറുമെന്ന് അറിയിച്ചിരുന്നതാണ്. ബുക്ക് ചെയ്ത യാത്രക്കാര്‍ ആറിനു മുമ്പ് ഡിപ്പോയില്‍ എത്തിയിരുന്നു. ബസ് എടുക്കുന്നില്ലെന്ന് വന്നതോടെയാണ് ഇവര്‍ പ്രതിഷേധം തുടങ്ങിയത്.
ഉപരോധിച്ച് യാത്രികർ
ഡ്രൈവര്‍മാര്‍ മുങ്ങിയ വിവരം അറിഞ്ഞ് രാത്രി ഏഴോടെ യാത്രക്കാര്‍ ഉപരോധം തുടങ്ങി. ബസ് സ്റ്റാന്‍ഡില്‍ എത്തിയ മുഴുവന്‍ ബസുകളും ഇവര്‍ തടഞ്ഞിട്ടു. 38 ടിക്കറ്റുകളാണ് ഈ സര്‍വീസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.
സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ കെഎസ്ആര്‍ടിസിയിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് പരിചയമില്ല. ഇതിനായി പ്രത്യേകം ഡ്രൈവര്‍മാരെ പരിശീലനം നല്കി നിയമിച്ചിരിക്കുകയാണ്.
അങ്ങനെ പരിശീലനം കിട്ടിയ ഡ്രൈവര്‍മാര്‍ നിലവില്‍ പത്തനംതിട്ട ജില്ലയില്‍ തന്നെയില്ല.യാത്രക്കാര്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ ബന്ധപ്പെട്ടിട്ടും പകരം സംവിധാനം ഉണ്ടാകാതെ വന്നതോടെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് പത്തനാപുരത്തുനിന്ന് രണ്ട് ഡ്രൈവര്‍മാരെ എത്തിച്ചു രാത്രിയില്‍ സര്‍വീസ് പുറപ്പെടുകയായിരുന്നു.