ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പെരുകുന്നു. പണവും മൊബൈൽ ഫോണുകളുമാണ് കൂടുതലായി നഷ്്ടപ്പെടുന്നത്.
ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നായി ദിവസവും നിരവധി മൊബൈൽ ഫോണുകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം പണമടങ്ങിയ പഴ്സ് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം.
11-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിന്റെ പണമടങ്ങിയ പേഴ്സാണ് മോഷണം പോയത്. ഇടുക്കി വണ്ടൻമേട് പുറ്റടി പുഷ്പാലയത്തിൽ എൽസിയുടെ പഴ്സാണ് നഷ്്ടപ്പെട്ടത്.
17000 രൂപയും തിരിച്ചറിയൽ കാർഡും പഴ്സിൽ ഉണ്ടായിരുന്നു. എൽസിയുടെ മകൻ മാർട്ടിൻ (25) കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് കാലിനു പരിക്കേറ്റ് പതിനൊന്നാം വാർഡിൽ ചികിത്സയിലാണ്.
ഇന്നലെ 11ന് പഴ്സ് രോഗിയുടെ കട്ടിലിനു സമീപത്തെ അലമാരിയിൽ സൂക്ഷിച്ച ശേഷം എൽസി കുളിക്കുന്നതിനായി ശുചിമുറിയിലേക്കുപോയി.
ഈ സമയം മോഷ്്ടാവ് പഴ്സ് അപഹരിച്ച് പണമെടുത്ത ശേഷം പഴ്സ് ശുചി മുറിയുടെ സമീപത്ത് ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു.
എൽസി കുളിമുറിയിൽ നിന്നിറങ്ങുന്നതിനു മുന്പ് വാർഡിലുണ്ടായിരുന്നവർ ഇവിടേക്കെത്തുകയും ഉപേക്ഷിച്ച നിലയിൽ കണ്ട പഴ്സ് സുരക്ഷാ ജീവനക്കാരനെ ഏൽപ്പിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ് എൽസി സുരക്ഷാ വിഭാഗത്തിൽ എത്തി പഴ്സ് തിരിച്ചറിഞ്ഞെവെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു. അതീവ സുരക്ഷയാണ് മെഡിക്കൽ കോളജിലെ വാർഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇപ്പോഴും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്.
വാർഡുകളിൽ ചാർജ് ചെയ്യുന്നതിനായി ഇട്ടിരിക്കുന്ന ഫോണുകളാണ് മോഷണം പോകുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഷ്്ടാക്കളെ പിടികൂടുന്നതിനായി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.