വൈപ്പിന്‍: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ സഹപ്രവര്‍ത്തകനെ കഴുത്തിനടിച്ച് വെള്ളത്തില്‍ തള്ളിയ യുവാവിനെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
നായരമ്പലം കിഴക്കേ വീട്ടില്‍ ദിലീപ് കുമാര്‍ -36 ആണ് അറസ്റ്റിലായത്. വധശ്രമത്തിനു കേസെടുത്തിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. നായരമ്പലത്തെ ചെമ്മീന്‍ കെട്ട് കാവല്‍ തൊഴിലാളിയായ നായരമ്പലം കൊച്ചുതറ വത്സനെയാണ് മര്‍ദിച്ച് വെള്ളത്തില്‍ തള്ളിയത്.
കഴിഞ്ഞ മാസം 13ന് ആയിരുന്നു സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഭാഗികമായി തളര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.
രാത്രിയില്‍ മദ്യപിച്ച് വെള്ളത്തില്‍ വീണ് അപകടത്തില്‍പെട്ട് പരിക്കേറ്റ് എന്നായിരുന്നു വീട്ടുകാര്‍ ആദ്യം കരുതിയിരുന്നതാണ്.
എന്നാല്‍ അബോധാവസ്ഥയിലായ വത്സന് ഈ മാസം മൂന്നിന് ബോധം വീണപ്പോഴാണ് അപകടമല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഇയാളുടെയും ബന്ധുക്കളുടേയും മൊഴി പ്രകാരം ഞാറക്കല്‍ പോലീസ് വധശ്രമത്തിനു കേസെടുക്കുകയായിരുന്നു.
പ്രതിയും വത്സനൊപ്പം ചെമ്മീന്‍ കെട്ടില്‍ കാവല്‍ തൊഴില്‍ ചെയ്യുന്നയാളാണ്. എന്നാല്‍ പോലീസ് പ്രതിയ അറസ്റ്റ് ചെയ്യാന്‍ വൈകികയതോടെ സംഭവത്തില്‍ കോണ്‍ഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി ഇടപെടുകയും പാര്‍ട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ച ഞാറക്കല്‍ സിഐ രാജന് കെ. അരമന, എസ്ഐ എ.കെ. സുധീര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വത്സണ്‍ ഇപ്പോഴും ഭാഗികമായി ശരീരം തളര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.