കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കട്ടായം പറയുന്നത്.
എന്നാല്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ രണ്ട് ടണ്‍ മാമ്പഴം തമിഴ്നാട്ടില്‍ നശിപ്പിച്ചു എന്ന വാര്‍ത്ത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്.
തിരുപ്പൂര്‍ കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ആറു ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്.
ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ്.വിനീത് ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്.
ഇത്തരത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാര്‍ബൈഡ് എന്ന് പൊതുവെ അറിയപ്പെടുന്ന അസറ്റിലീന്‍ വാതകം ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴവര്‍ഗ്ഗങ്ങള്‍ ഒരു വ്യക്തിയും കൈവശം വയ്ക്കുകയോ വില്ക്കുകയോ ചെയ്യരുതെന്ന് 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ (വില്‍പ്പന നിരോധനവും നിയന്ത്രണവും) ഉപവകുപ്പ് 2.3.5 അനുശാസിക്കുന്നതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) വ്യക്തമാക്കുന്നു.
വിളയുടെ വൈവിധ്യവും പാകമാകുന്നതിനെടുക്കുന്ന കാലയളവ് പരിഗണിച്ച് 100 പി.പി.എം. വരെ സാന്ദ്രതയുള്ള എഥിലീന്‍ വാതകം ഉപയോഗിച്ച് പഴവര്‍ഗ്ഗങ്ങള്‍ പഴുപ്പിക്കുന്നത് അനുവദനീയമാണ്.
പഴങ്ങള്‍ പാകമാകുന്നതിനുള്ള പ്രകൃതിദത്തവും സ്വാഭാവികവുമായ മാര്‍ഗ്ഗമായി പഴവര്‍ഗ്ഗങ്ങളിലും എഥിലീന്‍ കണ്ടു വരുന്നു.
എന്നാല്‍ 100 പി.പി.എമ്മിന് മുകളിലാണെങ്കില്‍ പഴങ്ങളുടെ സ്വാഭാവിക ഗുണം ഇല്ലാതാകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മാങ്ങ ഏറെയും എത്തുന്നത്. ഒറ്റ നോട്ടത്തില്‍ ഇവയിലെ കൃത്രിമത്വം തിരിച്ചറിയാനാകില്ല.
നിലവില്‍ ഒരിടത്ത് നിന്നും കാര്‍ബൈഡ് അടങ്ങിയ മാമ്പഴം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഉദ്യോഗസ്ഥര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോഴും ഒട്ടുമിക്ക കടകളിലും മാങ്ങാണ്ടിപോലും മൂക്കാത്ത മാങ്ങകള്‍ പഴുത്ത് നല്ല ഗന്ധത്തോടെ വില്‍പ്പനയ്ക്ക് നിരന്നിരിക്കുകയാണ്.