ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടു മക്കളെയും പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം.
വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.
മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നെജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു.
റെനീസ് പോലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.രണ്ടു മക്കളിൽ ഇളയ കുട്ടിയായ മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്
നെജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.