തൃശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമെത്തിയ തൃശൂർ പൂരത്തെ ആവേശത്തോടെ വരവേറ്റപ്പോള്‍ പൂരപ്പറന്പ് ജനസമുദ്രമായി.
മുൻപൊന്നും കണ്ടിട്ടിട്ടില്ലാത്തത്ര അധികം ജനങ്ങളാണ് പൂരപ്പറന്പിലേക്ക് ഒഴുകിയെത്തിയത്. പതിവിനു വിപരീതമായി സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ഇത്തവണ കൂടുതലായിരുന്നു.
ചെറിയ കുഞ്ഞുങ്ങളെയും തോളത്തെടുത്തു പൂരം കാണാൻ അമ്മമാരുടെ തിരക്ക് എവിടെയും കാണാൻ കഴിഞ്ഞു.
പൂരത്തിനു തിക്കിലും തിരക്കിലുംപെട്ട് ഏതാനും പേർക്കു പരിക്കേറ്റു. ഒട്ടേറെപ്പേർ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ആശുപത്രികളിൽ ചികി ത്സയിലാണ്.
ഒട്ടേറെപ്പേർ തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയ ആരോഗ്യവകുപ്പിന്റെ വിവിധ കൗണ്ടറുകളിൽ ചികിത്സ തേടിയെത്തി. തിരക്കിൽപ്പെട്ട് കൈകാലുകൾ ഒടിഞ്ഞവരും കൂട്ടത്തിലുണ്ട്.
തേക്കിൻകാട് മൈതാനിയിലെ കണ്ട്രോൾ റൂമിനോടു ചേർന്ന ആരോഗ്യ വകുപ്പിന്റെ മുഖ്യകൗണ്ടറിൽ രാത്രി എട്ടോടെ തന്നെ ചികിത്സതേടി നൂറോളം പേരെത്തി.
ആളുകളുടെ തിരക്കിൽ പോലീസ് ബാരിക്കേഡുകൾ തകർന്നും മറ്റും വീണവരുടെ കാലുകളാണു പൊട്ടിയത്.
ഇതോടൊപ്പം നെഞ്ചുവേദനയെതുടർന്ന് ചികിത്സ തേടിയ എആർ ക്യാന്പിലെ എസ്ഐയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരക്കു നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്കും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്.