ഇന്ത്യാന: ലോഡർ കൗണ്ടി ജയിലിൽനിന്നു രക്ഷപ്പെട്ട കേയസി വൈറ്റിനെയും രക്ഷപ്പെടുത്തിയ ജയിൽ ഡിറ്റൻഷൻ ഓഫീസർ വിക്കി വൈറ്റിനെയും തിങ്കളാഴ്ച വൈകീട്ട് ഇന്ത്യാന ഇവാൻസ് വില്ലിയിൽനിന്നും പിടികൂടി.
ഇതോടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസിന് വിരാമമായി.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ദീർഘദൂരം പിന്തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോലീസിൽനിന്നു രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിൽ അതിവേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പോലീസിന് തോക്ക് ഉപയോഗിക്കേണ്ടി വന്നില്ല.
വാഹനം അപകടത്തിൽപ്പെട്ടതോടെ വിക്കിവൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു.
പോലീസ് വിക്കി വൈറ്റിനെയും കേയസി വൈറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി.
ഇവരെ കണ്ടെത്തുന്നതിന് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കേയസി വൈറ്റിനെ ഞായറാഴ്ച ഇന്ത്യാന ഇവാൻസ് വില്ലയിലെ ഒരു കാർവാഷിൽ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസ്സിലാക്കി.
പിന്നെ ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
നിരവധി കേസുകളിൽ 75 വർഷം തടവുശിക്ഷ അനുഭവിച്ചുവന്നിരുന്ന കെയസി വൈറ്റിനെ വളരെ തന്ത്രപൂർവമാണ് ഡിറ്റൻഷൻ സെന്ററിൽനിന്നു വിക്കിവൈറ്റ് കടത്തിക്കൊണ്ടുപോയത്.
ഇരുവരും രണ്ടുവർഷത്തെ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.