സ്വന്തം ലേഖകൻ
തലശേരി: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റിൽ.
തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെ(27)യാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ പോലീസ് സംഘം ചേറ്റംകുന്നിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര, ഡൽഹി, കർണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കു മരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജാസിമെന്ന് പോലീസ് പറഞ്ഞു.
അഞ്ചു യുവതികൾ
മലയാളികളായ രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് യുവതികളും ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്ട്ര പോലീസ് സൂചന നൽകി. ഇവരിൽ രണ്ട് പേർ ഡാൻസ് ബാർ നർത്തകികളാണെന്നും വിവരമുണ്ട്.
ഡൽഹിയിലും രത്നഗിരിയിലും നടന്ന റെയ്ഡിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രത്നഗിരി പോലീസ് തലശേരിയിലെത്തിയത്.
ജില്ലാ ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള യുവ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് തലശേരിയിലെ കായിക ലോകം ഞെട്ടലിലാണുള്ളത്.
ജാസിമിനെ അറസ്റ്റ് ചെയ്ത് തലശേരി ടൗൺ സ്റ്റേഷനിൽ എത്തിച്ചയുടൻ സ്റ്റേഷനിലെത്തിയ ഡൽഹി സ്വദേശിനിയായ യുവതി പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
മഹാരാഷ്ട്ര രത്നഗിരി പോലീസ് സ്റ്റേഷനിലെ എസ്ഐ ആകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജാസിമിനെ അറസ്റ്റ് ചെയ്തത്.
വാറണ്ടില്ലാതെയാണ് ജാസിമിനെ രത്നഗിരി പോലീസ് പിടികൂടിയതെന്നായിരുന്നു സ്റ്റേഷനിലെത്തിയ ഡൽഹി സ്വദേശിനിയുടെ ആരോപണം.
ഇതേ ആരോപണമുന്നയിച്ച് ചില കായിക പ്രേമികളും സ്റ്റേഷനിലെത്തിയിരുന്നു.എന്നാൽ, മുഹമ്മദ് ജാസിം പ്രതിയാണെന്ന രേഖകൾ മഹാരാഷ്ട്ര പോലീസ് കാണിച്ചതോടെ എല്ലാവരും പിന്മാറുകയായിരുന്നു.
യാത്രകൾക്കു പിന്നിൽ
എംഡിഎംഎ പിടികൂടിയ കേസിലാണ് ജാസിം അറസ്റ്റിലായതെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി. ജാസിമിനെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം ട്രാൻസിസ്റ്റ് വാറണ്ട് പ്രകാരം ടെയിൻമാർഗം രത്നഗിരിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ഏതാനും നാളുകളായി ക്രിക്കറ്റ് മത്സരങ്ങളിൽ ജാസിം പങ്കെടുത്തിരുന്നില്ലെന്നും കൂടുതൽ സമയവും അന്തർ സംസ്ഥാന യാത്രകളിലായിരുന്നുവെന്നും മുൻ കാലത്ത് ജാസിമിന്റെ കൂടെ ക്രിക്കറ്റ് കളിച്ചിരുന്ന യുവാവ് രാഷ്ട്രദീപികയോട് പറഞ്ഞു. ഒരു മാസം മുമ്പാണ് ജാസിം വിവാഹിതനായതെന്ന് പ്രദേശവാസികൾ പറഞ്ഞു.