മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ സ്വത്തിന്റെ ഉറവിടം തേടി പോലീസ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇയാള്‍ 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചതായാണ് കണക്ക്.
നിലമ്പൂരിലെ വീട് വാങ്ങിയത് രണ്ട് കോടി രൂപയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആഡംബര വാഹനങ്ങളും ഇയാള്‍ വാങ്ങിയിട്ടുണ്ട്.
അതേസമയം, ഇയാള്‍ക്കു കൂടുതല്‍ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ രണ്ടു പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസിനു തെളിവു ലഭിച്ചു.
ഇതിനു പദ്ധതി തയാറാക്കി പകര്‍പ്പെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു. പ്രതികളുടെ ലാപ്ടോപ്പില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
നിലമ്പൂര്‍: നിലമ്പൂരിലെ കവര്‍ച്ചാ കേസിലെ പരാതിക്കാരന് കൊലക്കേസിലെ പ്രധാന പ്രതിയായ സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
നിലമ്പൂര്‍ സ്വദേശിയും വയനാട്ടില്‍ വ്യവസായിയുമായ പ്രവാസി ഷൈബിന് അഷ്റഫ് ആയിരുന്നു പരാതിക്കാരന്. മൈസൂര്‍ സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഷൈബിന്, നിഷാദ്, ഷിബാബുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഉടന്‍ തന്നെ പോലീസ് കോടതിയില്‍ നല്‍കുമെന്നാണ് വിവരം. അതേ സമയം കൊലക്കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി സൂചനയുള്ളതായും വിവരമുണ്ട്.
വീടുകയറി അക്രമിച്ചുവെന്ന് പറഞ്ഞാണ്
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ തങ്ങളകത്ത് നൗഷാദ് (മോനു-41), ചേനക്കല്‍ ഷക്കീര്‍(41), കരിമ്പന്‍ തൊടി സൈറസ് മുഹമ്മദ്(35), കൂളിപിലാക്കല്‍ നിഷാദ്(33), കടുകത്തൊടി സലീം(36) എന്നിവര്‍ ഷൈബിന്റെ വീടുകയറി അക്രമിച്ചുവെന്ന് പറഞ്ഞാണ് നേരത്തെ ഷൈബിന് പോലിസില്‍ പരാതി നല്‍കിയത്.
ഈ സംഭവത്തിലെ പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രില്‍ 24 ന് മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന് അഷ്റഫ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ സംഭവത്തില്‍ വീടു കയറി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതി നൗഷാദില്‍ നിന്ന് പോലീസ് തെളിവെടുപ്പു നടത്തിയപ്പോഴാണ് കൊലക്കേസിലുള്ള ഷൈബിന്റെ പങ്ക് പോലീസിന് വ്യക്തമായത്.
വീട് കയ്യേറിയ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ കഴിഞ്ഞ ഏപ്രില്‍ 29 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്പില് എത്തി നൗഷാദിന്റെ നേതൃത്വത്തില്‍ പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.
ഡി.വൈ.എസ്.പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, എസ.ഐ. മാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.