സീമ മോഹന്‍ലാല്‍
കൊച്ചി: വായ്പ്പയ്ക്ക് ഈടായി നല്കിയ ആധാരം വിമുക്തഭടന് അറിയാതെ ബാങ്കിൽ പണയം വച്ച് കേരള സ്റ്റേറ്റ് ഡിഫന്‍സ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി.
വായ്പ അടച്ചുതീര്‍ത്തിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും 20 വര്‍ഷം രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച വിമുക്തഭടന് കുമ്പളങ്ങി സ്വദേശി സി.പി. പൊന്നപ്പന് തന്റെ ആധാരം തിരിച്ചു കിട്ടിയിട്ടില്ല.
2014ല്‍ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി തന്റെ അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്തി കേരള സ്റ്റേറ്റ് ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡില്‍നിന്ന് അഞ്ചു ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 2019 സെപ്റ്റംബറില്‍ പലിശയടക്കം 8,89,000 രൂപ തിരിച്ചടച്ചു.
അതിനുശേഷം ആധാരം തിരിച്ചെടുക്കാനായി ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റിയെ സമീപിച്ചു. അപ്പോഴാണ് അറിയുന്നത് പൊന്നപ്പന്റെ ആധാരം അദേഹം അറിയാതെ ഡിഫന്‍സ് സൊസൈറ്റി എറണാകുളം ജില്ല സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്ന്.
തുടര്‍ന്ന് ഡിഫന്‍സ് സൊസൈറ്റിയിലെത്തിയെങ്കിലും ഓഫീസ് തുറക്കുന്നില്ലെന്നാണ് ഇദേഹത്തിന് അറിയാന്‍ കഴിഞ്ഞത്.
ആലുവ സ്വദേശി വിജയകുമാരിയാണ് ഡിഫന്‍സ് സൊസൈറ്റിയുടെ സെക്രട്ടറിയെന്ന് സി.പി. പൊന്നപ്പന് പറഞ്ഞു. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
തുടര്‍ന്ന് എറണാകുളം ജില്ല കളക്ടര്‍ക്കും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് 2021 ജൂലൈ 19-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പരാതി പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍ന്ന് നടപടിക്കായി 2021 സെപ്റ്റംബര്‍ 14-ന് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിരുന്നു.
ഇതിന്മേലുള്ള റിപ്പോര്‍ട്ട് കണയന്നൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ(ജനറല്‍) കാര്യാലയത്തില്‍ നിന്ന് തുടര്‍ന്ന് നടപടിക്കായി എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്ക് കൈമാറിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ആധാരം തിരിച്ചു കിട്ടുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് പൊന്നപ്പനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ഈ വായ്പയുടെ ഈടാധാരം അടിയന്തിരമായി തിരികെ നല്കുന്നതിനു വേണ്ട നടപടിക്ക് കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ക്കും എറണാകുളം ജില്ല ജോയിന്റ് രജിസ്ട്രാര്‍ക്കും സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (കണ്‍സ്യൂമര്‍) അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആധാരത്തിനായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു.
സൊസൈറ്റിയില്‍ അഡ്മിനിസ്ട്രേറ്റെ നിയമിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുകയാണെന്നും അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജെടുത്ത ശേഷം പരാതിക്കാരന്റെ ആധാരം തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും കണയന്നൂര്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ രേഖാമൂലം അറിയിക്കുകയുണ്ടായി.
നിലവില്‍ സംഘം തുറക്കുന്നില്ലെന്നും ഭരണസമിതിയില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിരിക്കുകയാണെന്നുമാണ് സഹകരണവകുപ്പില്‍നിന്ന് അറിയിച്ചിരിക്കുകയാണ്.
സൊസൈറ്റിയ്ക്ക് സ്വന്തം ഫണ്ട് ഇല്ലാത്തതിനാല്‍ മുന്‍ ജില്ല സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) എറണാകുളം മെയിന്‍ ശാഖയില്‍നിന്ന് ഓവര്‍ ഡ്രാഫ്റ്റ് വായ്പ എടുത്താണ് വായ്പ നല്‍കുന്നതിനായി സൊസൈറ്റി ഫണ്ട് കണ്ടെത്തിയത്.
സൊസൈറ്റിക്ക് സ്വന്തമായി ആസ്ഥി ഇല്ലാത്തിനാല്‍ സൊസൈറ്റി നല്കുന്ന ലോണിന് ഈടായി വാങ്ങുന്ന ആധാരങ്ങളാണ് കേരള ബാങ്കിലെ ഒഡിക്ക് ഈടായി നല്‍കിയത്.
ഇങ്ങനെ ഈട് നല്കിയ ആധാരങ്ങളില്‍ പൊന്നപ്പന്റേതും ഉണ്ടെന്ന് കണയന്നൂര്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ നല്കിയ മറുപടി കുറിപ്പില്‍ പറയുന്നു.
കേരള ബാങ്കില്‍നിന്നും എടുത്ത ഓവര്‍ ഡ്രാഫ്റ്റ് തുകകൊണ്ട് സംഘം ചില ബിസിനസ് നടത്തിയെങ്കിലും വിജയിച്ചില്ല. സംഘത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണുള്ളത്.
സംഘത്തിലെ അംഗങ്ങളെടുത്ത ലോണുകളുടെ തിരിച്ചടവ് വക മാറ്റി ചെലവഴിച്ചതുമൂലം കേരള ബാങ്കിന്റെ ഒഡി വായ്പ അടച്ച് തീര്‍ക്കുന്നതിനോ ആധാരങ്ങള്‍ തിരിച്ച് എടുത്ത് അംഗങ്ങള്‍ക്കു നല്കുവാനോ സാധിച്ചിട്ടില്ല.
സൊസൈറ്റി ഭരണസമിതി അംഗങ്ങളുടെയും സെക്രട്ടറിയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയും നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും മൂലമാണ് സൊസൈറ്റിക്ക് ഈ അവസ്ഥ ഉണ്ടായതെന്നാണ് മറുപടി കുറിപ്പിലുള്ളത്.