അയർക്കുന്നം: സുധീഷിന്റെ പെട്ടെന്നുള്ള പ്രകോപനമാകാം കൊലപാതത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി പോലീസ്.
ഇന്നലെ രാവിലെ ഒന്പതോടെ മരിച്ച സുധീഷിന്റെ മാതാവാണ് മരണ വിവരം പ്രദേശവാസികളെ അറിയിക്കുന്നത്.
ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടത്തിയതിനു 24 മണിക്കൂർ മുന്പു മരണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇൻക്വസ്റ്റും പോലീസ് നടപടിക്രമങ്ങൾക്കും ശേഷം ഇരുമൃതദേഹങ്ങളും ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി കൊണ്ടുപോയിരുന്നു.
ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുന്ന മൃതദേഹം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ സംസ്കരിക്കും.
15നു വിദേശത്തെ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ചയാണ് ദന്പതികളെ അവസാനമായി അയൽവാസികൾ കണ്ടത്.
വിദേശത്തേക്കു പോകേണ്ട ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോയെന്നു ബന്ധുക്കൾ കരുതിയതിനാൽ ഇവരെ ബുധനാഴ്ച അന്വേഷിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല.
ബുധനാഴ്ച വൈകുന്നേരത്തോടെ സുധീഷിന്റെ മൊബൈൽ ഫോണ് സ്വിച്ച് ഓഫായതോടെയാണ് വിവരങ്ങൾ അന്വേഷിക്കുന്നതിനായി സുധീഷിന്റെ മാതാവ് അമയന്നൂരിലെ കുടുംബ വീട്ടിൽനിന്നും ഇന്നലെ രാവിലെ സുധീഷിന്റെ വീട്ടിലെത്തിയത്.
വീടിനു മുന്നിൽ സുധീഷിന്റെ ബൈക്ക് ഇരിക്കുന്നതു കണ്ടതോടെ ദന്പതികൾ വീട്ടിലുണ്ടാകുമെന്നു മാതാവ് കരുതി.
വിളിച്ചിട്ട് അനക്കമൊന്നും ഇല്ലാതിരുന്നതോടെയാണ് വീടിനു ചുറ്റും നടന്ന് വിളിക്കുന്നത്. ഇതിനിടെയാണ് ജനലിൽ കൂടി തൂങ്ങി നിൽക്കുന്ന സുധീഷിനെ കാണുന്നത്.
മാതാവ് ബഹളം വച്ചതോടെ നാട്ടുകാരും ജനപ്രതിനിധികളും കൂടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് അയർക്കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി.
പ്രാഥമിക നിഗമനങ്ങളുടേയും അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിൽ സുധീഷ് തന്നെയാണ് ടിന്റുവിനെ കൊലപ്പെടുത്തിയതെന്നും തുടർന്ന് ആത്മഹത്യ ചെയ്തതെന്നും പോലീസ് സ്ഥിരീകരിച്ചത്.
സുധീഷിന്റേതെന്നു സംശയിക്കുന്ന കത്തും കേസിൽ നിർണായകമായി.